1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2019

സ്വന്തം ലേഖകന്‍: കേരളത്തില്‍ എത്തിയശേഷം കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്‌സിന്റെ തിരോധാനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിന്‍. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിന്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരി ഇല്ലീസ് സ്‌കോര്‍മെയിനുമായി നടത്തിയ സംഭാഷണത്തിലാണ് കരോളിന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കരോളിന് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാല്‍ ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ഇല്ലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്‌സിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് ഇല്ലീസ്.

ലിസ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് കരോളിന്‍ പറയുന്നു. ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്. യു.കെ സ്വദേശിയ്‌ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

കേരളത്തിലെ തന്റെ സുഹൃത്തുക്കള്‍ മുഖേന ലിസയ്ക്കായുള്ള തിരച്ചില്‍ നടത്താനാണ് ഇല്ലീസിന്റെ നീക്കം. തന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് ഇല്ലീസ് പറയുന്നു. കരോളിനില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിനും കൈമാറുമെന്ന് ഇല്ലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയും ഇല്ലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.