1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: അച്ഛന് അവസാനമായി യാത്രാമൊഴി നൽകാൻ എത്തിയപ്പോൾ ഷാര്‍ലറ്റ് ഒ ഡ്വയര്‍ എന്ന ഒന്നര വയസുകാരി അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ വെച്ചിരുന്നു, അച്ഛന് ധീരതയ്ക്ക് ലഭിച്ച മെഡല്‍ നെഞ്ചോട് ചേര്‍ത്തണിയുകയും ചെയ്തിരുന്നു. നിയന്ത്രണവിധേയമാക്കാനാവാതെ ഒരു രാജ്യം മുഴുവനും പടർന്നു പിടിച്ച ഓസ്‌ട്രേലിയന്‍ കാട്ടുതീയുടെ ഇരയാണ് ഷാര്‍ലറ്റിന്റെ അച്ഛന്‍ ആന്‍ഡ്രൂ ഓ ഡ്വയര്‍.

അഗ്നിരക്ഷാസേനാംഗമായ ആന്‍ഡ്രൂ കൃത്യനിര്‍വഹണത്തിനിടയിലാണ് മരിച്ചത്. അഗ്നിബാധിത പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെ ആന്‍ഡ്രൂ ഉള്‍പ്പെടെയുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആന്‍ഡ്രൂവും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജെഫ്രി കീറ്റണും മരിച്ചത്.

ഹോസ് ലി പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ആന്‍ഡ്രൂവിന്റെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു ഷാര്‍ലറ്റ്. തനിക്ക് സംഭവിച്ച നഷ്ടത്തെ കുറിച്ച് അവള്‍ക്കറിയാനുള്ള പ്രായമായില്ലെങ്കിലും അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ നിന്ന് മാറ്റാന്‍ അവളൊരുക്കമായിരുന്നില്ല. ചടങ്ങില്‍ ഷാര്‍ലറ്റിനൊപ്പം അമ്മ മെലിസയും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജിക് ലിയാന്‍, നൂറിലധികം അഗ്നിരക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റൂറല്‍ ഫയര്‍ സര്‍വീസ് ആന്‍ഡ്രൂവിന് മരണാനന്തരബഹുമതിയായി മെഡല്‍ സമ്മാനിച്ചു. 2003 ലാണ് ആന്‍ഡ്രൂ സേനയില്‍ അംഗമായത്. ഷാര്‍ലറ്റിന്റെ വെള്ളയുടുപ്പില്‍ മെഡല്‍ കുത്തിക്കൊടുക്കുമ്പോള്‍ ആര്‍എഫ്എസ് കമ്മിഷണര്‍ ഷെയ്ന്‍ ഫിറ്റ് സൈമന്‍സ്, ആന്‍ഡ്രൂ ഒരു ഹീറോയാണ് എന്ന് ഷാര്‍ലറ്റിനോട് മന്ത്രിച്ചു. നിസ്വാര്‍ഥനും വ്യത്യസ്തനുമായ ഒരു വ്യക്തിയായിരുന്നു ആന്‍ഡ്രൂവെന്നും ഒരു ഹീറോയായതു കൊണ്ടാണ് അച്ഛന്‍ മരിക്കാനിടയായതെന്നും ഷാര്‍ലറ്റ് മനസിലാക്കണമെന്നുള്ള ആഗ്രഹം കമ്മിഷണര്‍ പ്രകടിപ്പിച്ചു.

പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്റെ ശവമഞ്ചത്തിനരികെയിരുന്ന് പാക്കറ്റില്‍ നിന്ന് ചിപ്‌സ് കൊറിക്കുന്ന ഷാര്‍ലറ്റ് നൊമ്പരത്തിനൊപ്പം അവിടെയുണ്ടായിരുന്നവരില്‍ ആശ്വാസവുമേകി. എന്നാല്‍ ഷാര്‍ലറ്റ് ആന്‍ഡ്രൂവിന് അന്ത്യചുംബനമേകുന്ന കാഴ്ച അവരുടെ കണ്ണുകള്‍ നിറച്ചു. അവര്‍ക്കൊപ്പം മെലിസയും നിശബ്ദയായി നിന്നിരുന്നു.

പള്ളിയില്‍ നിന്ന് ആന്‍ഡ്രൂവിന്റെ മൃതശരീരം പുറത്തേക്കെടുക്കുമ്പോള്‍ നൂറ് കണക്കിന് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. ഹൃദയഭാഗത്ത് കൈകള്‍ ചേര്‍ത്ത് ആന്‍ഡ്രൂവിനോട് അവര്‍ ആദരവും സ്‌നേഹവും പ്രകടിപ്പിച്ചു. ആര്‍എഫ് എസിന്റെ മാവോരി അംഗങ്ങള്‍ ആദരസൂചകമായുള്ള നൃത്തം അവതരിപ്പിക്കുകയും ചെയ്തു.

ആന്‍ഡ്രൂവിനൊപ്പം മരിച്ച സഹപ്രവര്‍ത്തകന്‍ കീറ്റന്റെ സംസ്‌കാരം അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ആന്‍ഡ്രൂവും കീറ്റണും അടുത്ത സുഹൃത്തുക്കളായിരുന്നു. ഷാര്‍ലറ്റിന്റെ പ്രായമുള്ള ഹാര്‍വിയുടെ പിതാവായിരുന്നു കീറ്റണ്‍. കഴിഞ്ഞ വ്യാഴാഴ്ച കീറ്റന്റെ അന്തിമകര്‍മങ്ങള്‍ക്കിടെ ഹാര്‍വിയും ഷാര്‍ലറ്റിനെ പോലെ മെഡല്‍ ഏറ്റുവാങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.