1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാന്‍ പുതിയ ഉടമ്പടി, ഇന്ത്യയുള്‍പ്പെടെ 171 രാജ്യങ്ങള്‍ ഒപ്പുവച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതില്‍ നാഴികക്കല്ലായ പാരിസ് ഉടമ്പടി ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യാഥാര്‍ഥ്യമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആഗോളതാപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരാന്‍ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളെല്ലാം പുതിയ ഉടമ്പടിപ്രകാരം ബാധ്യസ്ഥമാകും. ഏറെക്കാലത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ 2015 ഡിസംബറില്‍ രൂപംനല്‍കിയ കരാറാണ് ഭൗമദിനമായ വെള്ളിയാഴ്ച പ്രാബല്യത്തില്‍വന്നത്.

ഇതോടെ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളില്‍ 1997ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം പാരിസ് ഉടമ്പടി ആധാരമാകും. ഒറ്റ ദിവസം ഇത്രയധികം രാജ്യങ്ങള്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത് ഇതാദ്യമാണ്. 1982ല്‍ 119 രാജ്യങ്ങള്‍ സമുദ്ര ഉടമ്പടിയില്‍ ഒപ്പുവെച്ചതാണ് ഇതിനുമുമ്പുണ്ടായിരുന്ന റെക്കോഡ്.

ഉടമ്പടിയിലെ പ്രധാന നിര്‍ദേശങ്ങള്‍,

ആഗോളതാപനം കുറയ്ക്കാന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ അഞ്ചുവര്‍ഷം കൂടുമ്പോഴും അവലോകനം ചെയ്യും

ഓരോ രാഷ്ട്രങ്ങളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പുറന്തള്ളപ്പെടുന്നതും ആഗിരണം ചെയ്യപ്പെടുന്നതുമായ ഹരിതഗൃഹ വാതകങ്ങള്‍ തമ്മില്‍ സന്തുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക

ഭൗമതാപനിലയിലെ വര്‍ധന രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തുക

കാലാവസ്ഥാമാറ്റം ചെറുക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020ഓടെ വര്‍ഷം 10,000 കോടി ഡോളര്‍ (ഏകദേശം 6.7 ലക്ഷംകോടി രൂപ) സഹായം നല്‍കുക. 2025ല്‍ ഈ തുക വര്‍ധിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.