1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

ടോം ശങ്കൂരിക്കല്‍: 2002ഇല്‍ സ്ഥാപിതമായ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്റെ 14 മത് ഓണാഘോഷ മേളയായ തിരുവോണക്കാഴ്ച 2016 ഒരു ഉത്സവമായി കൊണ്ടാടുവാന്‍ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ വരുന്ന 17ന് ശനിയാഴ്ച ഗ്ലോസ്റ്ററിലെ പ്രശസ്ത ഗ്രാമര്‍ സ്‌കൂളായ ക്രിപ്റ്റ് സ്‌കൂളില്‍ വെച്ച് രാവിലെ 10 മണിക്ക് താലപ്പൊലിയും, ചെണ്ടമേളവും, ആര്‍പ്പുവിളിയും കുരവയുമായി കൊടികയറുന്ന ആഘോഷ മേള ഏതാണ്ട് 8 മണിയോടെ തിരശീല വീഴും എന്നാണു പ്രതീക്ഷിക്കുന്നത്. അഞ്ഞൂറില്‍ പരം അതിഥികള്‍ ആണ് ഇതു വരെ ജി എം എ തിരുവോണക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പുകളുമായി ജി എം എ കമ്മിറ്റി അരയും തലയും മുറുക്കി സര്‍വ്വ സജ്ജമായിക്കഴിഞ്ഞു.

ജി എം എ ക്കു തങ്ങളുടെ എല്ലാ പിന്തുണയുമായി എന്നും നിലകൊണ്ടിട്ടുള്ള ഗ്ലോസ്റ്റെര്‍, ചെല്‍ട്ടന്‍ഹാം ഭരണാധികാരികളും തങ്ങളുടെ സാന്നിധ്യം ഉറപ്പു നല്‍കിയിട്ടുണ്ട്. ഗ്ലോസ്റ്റെര്‍ എം പി റിച്ചാര്‍ഡ് ഗ്രഹാം, ഗ്ലോസ്റ്റെര്‍ മേയര്‍ നീല്‍ ഹാംസണ്‍, ചെല്‍ട്ടന്‍ഹാം മേയര്‍ ക്രിസ് റൈഡര്‍ എന്നിവര്‍ക്ക് പുറമെ കൗണ്‍സിലര്‍ സെഡ് ഹാന്‍സ്‌ഡോട് എന്നിവരാണ് ജി എം എ തിരുവോണക്കാഴ്ച 2016 ന്റെ നിറപ്പകിട്ടുകള്‍ ആസ്വദിക്കുവാനും ചടങ്ങുകള്‍ക്ക് ആതിഥ്യം സ്വീകരിക്കുവാനുമായി വന്നെത്തുന്നത്.
ജി എം എ യുടെ തിരുവോണക്കാഴ്ചയില്‍ പങ്കെടുത്തു പരിപാടി അവതരിപ്പിക്കുവാന്‍ മാത്രമായി നാട്ടില്‍ നിന്നും വരുന്ന പ്രശസ്ത നടനും, അവതാരകനും, കോമഡി ആര്‍ട്ടിസ്റ്റും ആയ പ്രശാന്ത് കാഞ്ഞിരമറ്റം, ഏതു സദസ്സിനെയും തന്റെ സംഗീത മാസ്മരികതയില്‍ കൈയ്യിലെടുക്കുവാന്‍ കഴിവുള്ള ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനലിസ്‌റ് ആയിരുന്ന വിദ്യാ ശങ്കര്‍, പ്രശസ്ത ഗായികയും ക്ലാസിക്കല്‍ ഡാന്‍സറും ആയ സുപ്രഭ നായര്‍ എന്നിവര്‍ക്കൊപ്പം ജി എം എ യുടെ അനുഗ്രഹീത കലാപ്രതിഭകളും കൂടെ ഒത്തു ചേരുമ്പോള്‍ അത് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഉതകുന്ന ഓണാഘോഷങ്ങള്‍ക്കായിരിക്കും സാക്ഷ്യം വഹിക്കുന്നത്.

വിഭവസമൃദ്ധമായ ഓണ സദ്യയും പ്രഗത്ഭരായ കലാ പ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങള്‍ക്ക് അവസരമൊരുക്കിയും ഏറ്റവും മികച്ച ഓണക്കാഴ്ച ഒരുക്കുവാന്‍ തയ്യാറാവുകയാണ് പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെയും സെക്രട്ടറി ശ്രീ. എബിന്‍ ജോസിന്റേയും നേതൃത്വത്തിലുള്ള ജി എം എ കമ്മിറ്റി. ഗ്ലോസ്റ്റെര്‍ഷെയറിലുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഓണാശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം നമ്മുടെ കേരളത്തിന്റെ തനതായ ഉത്സവമായ ഓണാഘോഷത്തെ അതേ പരിശുദ്ധിയുടെ നെഞ്ചിലേറ്റാന്‍ ജി എം എ യുടെ തിരുവോണക്കാഴ്ച 2016ലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

ജി എം എ തിരുവോണക്കാഴ്ച 2016 നടക്കുന്ന സ്ഥലത്തിന്റെ വിലാസം.
The Crypt school, Podsmead Road, Gloucester GL2 5AE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.