1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കറും ബിജെപിയും വിശ്വാസവോട്ട് നേടി, പഞ്ചാബില്‍ അമീരിന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാന്‍ സുപ്രീം കോടതി ബിജെപി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി–17 സീറ്റ്. ബിജെപിക്ക് 13 എംഎല്‍എമാരാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു.

മൂന്നു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചു. ഇവരുള്‍പ്പെടെ 22 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത്. വിശ്വാസ വോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ എല്ലാം അംഗങ്ങളുടെയും പിന്തുണ കോണ്‍ഗ്രസിനു ലഭിച്ചില്ലെന്നാണ് വിവരം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 16 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. അതേസമയം സര്‍ക്കാരിനെ ബിജെപി മോഷ്ടിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

കോണ്‍ഗ്രസിന് ആശ്വാസ ജയം നല്‍കിയ പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മറ്റ് ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയെ കൂടാതെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭന്ദ്രസിങ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ബിജെപിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം നവസോത് സിങ് സിദ്ധുവിനായി ഉപമുഖ്യമന്ത്രി പദം മാറ്റിവക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത്തരം വകുപ്പ് തന്നെ ആവശ്യമില്ലെന്നും തന്റെ മന്ത്രിസഭയില്‍ രണ്ടു അധികാര കേന്ദ്രങ്ങള്‍ വേണ്ടേന്നുമുള്ള നിലപാടാണ് അമരിന്ദര്‍ സിങ്ങ് സ്വീകരിച്ചത്. പകരമായി സിദ്ദുവിന് കാബിനറ്റ് മന്ത്രി പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.