1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2017

സ്വന്തം ലേഖകന്‍: പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം. ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 11 നാണ് പുറത്തുവിടുക. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണ മത്സരത്തിന് സാക്ഷിയാകുമ്പോള്‍ ഗോവയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബി.ജെ.പി സഖ്യം, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് മത്സരര രംഗത്ത്. ഗോവയില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) എന്നിവയും മത്സരിക്കുന്നു. ഇതില്‍ എം.ജി.പി, ആര്‍.എസ്.എസ് വിമതന്‍ സുഭാഷ് വേലിംഗറുടെ ഗോവ സുരക്ഷാ മഞ്ചുമായും ശിവസേനയുമായും സഖ്യമുണ്ടാക്കിയാണ് പോരിനിറങ്ങുന്നത്. മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇരു സംസ്ഥാനത്തും രാവിലെ ഏഴു മുതല്‍ അഞ്ചുവരെയാണ് പോളിങ്.

പഞ്ചാബില്‍ കഴിഞ്ഞ 10 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അകാലിബി.ജെ.പി സഖ്യത്തിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. 1.98 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 81 വനിതകളും ഭിന്നലിംഗക്കാരുമടക്കം 1,145 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. അമൃത്സര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. അകാലിദള്‍ 94 സീറ്റിലും സഖ്യകക്ഷിയായ ബി.ജെ.പി 23 സീറ്റിലും മത്സരിക്കുന്നു. ആം ആദ്മി 112 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 74 കാരനായ പട്യാല രാജകുടുംബാംഗം അമരീന്ദര്‍ സിങ്ങാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.

പഞ്ചാബില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരിന്ദര്‍ സിംഗും എഎപിയുടെ ജെര്‍ണൈല്‍ സിംഗും മത്സരിക്കുന്ന ലംബിയും, ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിംഗ് ബാദലും എഎപിയുടെ താര പ്രചാരകന്‍ ഭഗവന്ത് മാനും മത്സരിക്കുന്ന ജലാലാബാദും, ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തിയ നവ്‌ജോത് സിംഗ് സിദ്ധു മത്സരിക്കുന്ന അമൃത്സര്‍ ഈസ്റ്റുമാണ് ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങള്‍.

250 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ഗോവയില്‍ 11 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഗോവയിലേക്ക് ആദ്യമായത്തെുന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 39 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പി 37ലും കോണ്‍ഗ്രസ് 38 സീറ്റിലുമാണ് ജനവിധി തേടുന്നത്.
ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യമന്ത്രി മുഖങ്ങളായി ആരെയും മുന്നില്‍ നിര്‍ത്താതെയാണ് വോട്ട് തേടിയത്.

ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന എംജെപി സഖ്യം വിട്ട് ബദല്‍ സഖ്യം രൂപീകരിച്ചുത് ഗോവയില്‍ പോരാട്ടം വാശിയേറിയതാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.