1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2017

സ്വന്തം ലേഖകന്‍: ശബരിമലയില്‍ പുതുതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തി, അഞ്ചുപേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ആന്ധ്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുണിയില്‍ മെര്‍ക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്റെ തറയില്‍ പൂശിയിരുന്ന സ്വര്‍ണം ഉരുകിയൊലിച്ച നിലയിലാണ്.

പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടിയ ആന്ധ്ര സ്വദേശികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കൊടിമരത്തില്‍ ദ്രാവകമൊഴിച്ചുവെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവധാന്യത്തോടൊപ്പം പാദരസം ഒഴിച്ചെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേവസ്വം അധികൃതര്‍ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഫോറന്‍സിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തും. കൊടിമരത്തിന് സമീപമുള്ള സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ എന്തോ ദ്രാവകം കൊടിമരത്തില്‍ ഒഴിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് ഇവര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9,161 കിലോ ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.