1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്, പുരസ്‌കാര വേദിയില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗവുമായി നടി മെറീല്‍ സ്ട്രീപ്. എഴുപത്തിനാലാമതു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനും നടിക്കും ഉള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് എന്ന ചിത്രം സ്വന്തമാക്കി.

ലാ ലാ ലാന്‍ഡിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച റയാന്‍ ഗ്ലോസിംഗാണു മികച്ച നടന്‍. മികച്ച നടിയായി എമ്മ സ്റ്റോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കോമഡി– സംഗീത വിഭാഗങ്ങളിലാണ് ഇവരുടെ നേട്ടം. മികച്ച സംവിധായന്‍, നടി, തിരക്കഥാകൃത്ത്, പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ലാ ലാ ലാന്‍ഡ് വാരിക്കൂട്ടി. ഏറ്റവും കൂടുതല്‍ വിഭാഗങ്ങളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമെന്ന ബഹുമതി ഇതോടെ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്‌കാരം ബാരി ജെന്‍കിന്‍സിന്റെ മൂണ്‍ലൈറ്റിനാണ്. ഡാമിയന്‍ ചാസെലേ സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ ഹര്‍വിറ്റ്‌സിനാണ്. മികച്ച ഗാനം സിറ്റി ഓഫ് സ്റ്റാര്‍സ്. മികച്ച ഹാസ്യതാരം ക്രിസ്റ്റന്‍ വിംഗ്. വയോല ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ആരോണ്‍ ടെയ്‌ലര്‍ മികച്ച സഹനടനായി.

ഡ്രാമയിലെ മികച്ച നടന്റെ പുരസ്‌കാരം കാസേ അഫ്‌ലെകും മികച്ച നടിയുടെ പുരസ്‌കാരം ഇസബെല്ലേ ഹുപ്പെര്‍ട്ടും സ്വന്തമാക്കി. (ചിത്രം എല്ലേ) മികച്ച വിദേശഭാഷാ ചിത്രമായി ഫ്രഞ്ച് സിനിമ എല്ലേ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ചിത്രം സുട്ടോപ്യയാണ്. ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച പരമ്പരയായി ദി ക്രൗണും കോമഡി സംഗീത വിഭാഗത്തില്‍ അറ്റ്‌ലാന്‍ഡയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷന്‍ നടനായി ടോം ഹിഡില്‍ട്‌സണും (ദി നൈറ്റ് മാനേജര്‍) മികച്ച നടിയായി സാറാ പോള്‍സണും തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ ഡ്രാമയിലെ മികച്ച നടന്‍ ബില്ലി ബോബും നടിയായി ക്ലെയര്‍ ഫോയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും അവതാരകരായി വേദിയിലെത്തി. മലയാളത്തിന്‍നിന്നുള്ള ചിത്രമായിരുന്ന ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം പിന്തള്ളപ്പെട്ടു. മൂന്നു തവണ ഓസ്‌കര്‍ നേടിയ ഹോളിവുഡ് നടി മെറില്‍ സ്ട്രീപ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതും ശ്രദ്ധേയമായി. ഭിന്നശേഷിയുള്ള ഒരു റിപ്പോര്‍ട്ടറെ ഒരു പ്രസംഗവേദിയില്‍ അനുകരിച്ചുകൊണ്ടു ട്രംപ് നടത്തിയ അംഗവിക്ഷേപം തന്റെ ഹൃദയം തകര്‍ത്തെന്നു സ്ട്രീപ് പറഞ്ഞു.

ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഒരിക്കലും ചെയ്തുകൂടാത്തതാണിത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ഇപ്രകാരം ചെയ്യാന്‍ പലര്‍ക്കും പ്രേരണയായിത്തീരും. അവഹേളനം കൂടുതല്‍ അവഹേളനത്തിനും അക്രമം കൂടുതല്‍ അക്രമത്തിനും വഴിതെളിക്കുമെന്നും മെറില്‍ സ്ട്രീപ് പറഞ്ഞു.

അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം നേടിയ ഹോളിവുഡ് നടിയാണ് മെറിലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നെ അവര്‍ക്ക് അറിയില്ലെങ്കിലും ഗോള്‍ഡന്‍ ഗ്ലോബില്‍ എനിക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടു. അവര്‍ ഹില്ലരിയുടെ ആളാണ്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സെര്‍ജി കോവലസ്‌കിയെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.