1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

സ്വന്തം ലേഖകന്‍: കടക്കണിയും സാമ്പത്തിക നീതി പരിഷ്‌കാരങ്ങളും സംബന്ധിച്ച് ഗ്രീക്ക് പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. ഗ്രീസ് ഐഎംഎഫിന് നല്‍കാനുണ്ടായിരുന്ന വായ്പ കുടിശികയുടെ ആദ്യ ഘഡുവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കേണ്ട തുകയുടെ ആദ്യ ഭാഗവും അടച്ചിട്ടുണ്ട്. രാജ്യത്തെ ബാധിച്ച അതിഗുരുതരമായ സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് മൂന്നാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നിരുന്നു.

എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം ഒരാള്‍ക്ക് പരമാവധി 60 യൂറോ പിന്‍വലിക്കാമെന്ന നിബന്ധന വച്ചിരുന്നത് ആഴ്ചയിലൊരിക്കല്‍ 420 യൂറോ എന്നാക്കി മാറ്റിയിരുന്നു. മൂന്നാഴ്ചക്കു ശേഷം ബാങ്കുകള്‍ തുറന്നതിന് ശേഷമുണ്ടായ തിരക്ക് ചൊവ്വാഴ്ച ബാങ്കടക്കും വരെ തുടര്‍ന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കിയ 900 മില്യണ്‍ യൂറോയുടെ സഹായമാണ് ബാങ്കുകള്‍ക്ക് പുതുജീവന്‍ പകര്‍ന്നിരിക്കുന്നത്. അക്കൗണ്ടില്‍ പണമുണ്ടെങ്കിലും അത് പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കാഠിന്യം വ്യകതമാക്കുന്നുണ്ട്.

ഇതിനിടെ, ഐ.എം.എഫിന് അടയ്ക്കാനുണ്ടായിരുന്ന വായ്പാ കുടിശിക ഗ്രീസ് അടച്ചതായി ഐഎംഎഫ് അറിയിച്ചു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ അടക്കേണ്ടിയിരുന്ന 4.2 ബില്യണ്‍ യൂറോയുടെ വായ്പാ ഗഡുവും ഗ്രീസ് അടച്ചു. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ഏഴ് ബില്യണ്‍ യൂറോയുടെ ഇടക്കാല വായ്പയാണ് ഇതിനു സഹായകമായത്. മൂല്യവര്‍ധിത നികുതിയിലുണ്ടായ വര്‍ധന രാജ്യത്ത് ഏതു രീതിയിലായിരിക്കും പ്രതിഫലിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നത്. മൂല്യവര്‍ധിത നികുതി 13 ശതമാനത്തില്‍ നിന്ന് 23 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. സാധനങ്ങള്‍ക്കും, അവശ്യ സര്‍വീസുകള്‍ക്കുമൊക്കെ വില കുത്തനെ ഉയരുമെന്നതിനാല്‍ ഇതിനോടുള്ള സാധാരണക്കാരുടെ പ്രതികരണവും സിപ്രാസിന്റെ ഭാവി നിര്‍ണയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.