1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

സ്വന്തം ലേഖകന്‍: കടക്കെണിയില്‍ പെട്ടുലയുന്ന ഗ്രീസിനെ കരകയറ്റാന്‍ നടപ്പിലാക്കുന്ന കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളെക്കുറിച്ച് പൊതുജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന നടത്തുമെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗ്രീസിനെ കരകയറ്റാനെന്ന പേരില്‍ യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയ നിധിയും ചേര്‍ന്ന് പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നടപടികളാണ് ഹിതപരിശോധനക്ക് വക്കുന്നത്.

ജൂലൈ 5 നടത്തുന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ നികുതി കുത്തനെ ഉയര്‍ത്തുന്നതുള്‍പ്പെടെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂവെന്ന് ഗ്രീക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് പറഞ്ഞു. ഗ്രീക്ക് ജനതക്ക് താങ്ങാനാവാത്ത ഭാരമാണ് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പേരില്‍ അടിച്ചേല്‍പിക്കുന്നതെന്ന് രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തില്‍ സിപ്രാസ് അഭിപ്രായപ്പെട്ടു.

പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍, വില്‍പന നികുതി വര്‍ധന, തൊഴില്‍ വിപണിയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങി എല്ലാ രംഗങ്ങളിലും ജനജീവിതം ദുസ്സഹമാക്കുന്നതാണ് നിബന്ധനകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് സ്വീകരിച്ച വായ്പ തിരിച്ചടക്കാനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നിബന്ധനകളുമായി യൂറോപ്യന്‍ യൂനിയനും ഐഎംഎഫും രംഗത്തെത്തിയത്.

നിബന്ധനകള്‍ പാലിച്ച് ഇരുവിഭാഗവും കരാറിലത്തെുന്ന പക്ഷം സാമ്പത്തിക സഹായ പാക്കേജിലെ ഒന്നാം ഗഡുവായി 180 കോടി ഡോളര്‍ നല്‍കാമെന്നാണ് വാഗ്ദാനം. ഇത്രയും തുകയാണ് വായ്പാതിരിച്ചടവിനുള്ളത്. സഹായം ലഭിച്ചില്ലെങ്കില്‍ തിരിച്ചടവ് മുടങ്ങുന്നത് ഗ്രീസിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.