1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015

സ്വന്തം ലേഖകന്‍: കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന ഗ്രീസിനെ കൈപിടിച്ചുയര്‍ത്താനുള്ള ചര്‍ച്ചകള്‍ പാളം തെറ്റുന്നു. കടം കുറക്കാനുള്ള കടുത്ത നിബന്ധനകള്‍ നടപ്പില്‍ വരുത്താനായി യൂറോപ്യന്‍ യൂണിയനും ഗ്രീക്ക് പ്രതിനിധികളും നടത്തിയ ചര്‍ച്ചയും എങ്ങുമെത്താതെ പിരിഞ്ഞു. ശനിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് ഇനി ഗ്രീസിന് പ്രതീക്ഷ. നേരത്തെ യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിബന്ധനകള്‍ പാലിക്കാമെന്ന ഉറപ്പു നല്‍കിയത് സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിരുന്നു.

കടമെടുത്ത പണം പോലും അടക്കാനാവാത്ത അവസ്ഥയിലാണ് ഗ്രീസ്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പരിഹാരമായി നിര്‍ദേശിക്കുന്ന കടുപ്പമുള്ള നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി സിപ്രാസ് യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു.

പ്രതിസന്ധിക്ക് പരിഹാരമായി യൂണിയന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്. വ്യവസായികള്‍, സമ്പന്നര്‍ എന്നിവരുടെ നികുതി ഉയര്‍ത്തുക, മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ പ്രായപരിധി കുത്തനെ ഉയര്‍ത്തുക, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ജോലിക്കാരുടെ വിഹിതം ഉയര്‍ത്തുക എന്നിവയാണവ. എന്നാല്‍ ഇവ അംഗീകരിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖാപനം വന്‍ പ്രതിഷേധമാണ് രാജ്യത്തുയര്‍ത്തിയത്.

പ്രധാനമന്ത്രി സിപ്രാസ് രാജ്യത്തെ അടിയറ വെക്കുന്നുവെന്നാണ് ആരോപണം. ഇതും കടമെടുത്ത പണം തിരിച്ചടക്കേണ്ട പ്രതിസന്ധിയും ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ഈ മാസം മുപ്പതിനകം ഐഎംഫില്‍ നിന്നുമെടുത്ത പണം തിരിച്ചടക്കണം. നിലവിലെ സാഹചര്യത്തില്‍ ഇതിന് ഗ്രീസിന് സാധിക്കില്ല എന്നുറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.