1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

ഗ്രീസില്‍ നടന്ന ജനഹിത പരിശോധന പ്രധാനമന്ത്രി അലക്‌സിസ് സീപ്രാസിന് അനുകൂലം. വായ്പാ ദാതാക്കളായ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുടെയും ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെയും കടുത്ത നിബന്ധനകല്‍ അംഗീകരിക്കേണ്ടതില്ലെന്ന് ഗ്രീസിലെ ജനത വിധിയെഴുതി. യൂറോയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തീരുമാനമാണ് ഗ്രീക്ക് ജനത കൈക്കൊണ്ടിരിക്കുന്നത്.

വോട്ടെടുപ്പില്‍ പങ്കെടുത്ത 61.3 % ആളുകളും നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ‘നോ’ എന്ന് വോട്ട് ചെയതപ്പോള്‍ 38.7% മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോപ്യന്‍ കമ്മീഷനും, ഐ.എം.എഫും ജൂണ്‍ 25 ന് അവതരിപ്പിച്ച സമഗ്ര ശുപാര്‍ശകള്‍ സ്വീകരിക്കണോ? എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്. വര്‍ഷങ്ങളായി വായ്പ വാങ്ങിയ പണവും തിട്ടൂരമായി കിട്ടിയ സാമ്പത്തിക അച്ചടക്ക നടപടികളുമായി കഴിഞ്ഞുവന്ന ഗ്രീസ് ജനത പുതിയ നിബന്ധനകള്‍ക്കുകൂടി വഴങ്ങണോ വേണ്ടയോ എന്നു അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രി അലക്‌സിപ്രാസിന്റെയും ഇടതുപക്ഷ പാര്‍ട്ടിയായ സിരിസയുടെയും നിലപാട്.

വായ്പാ ദാതാക്കള്‍ ശക്തമായ നിബന്ധനകള്‍ മുന്നോട്ടു വെച്ചപ്പോള്‍ അത് തള്ളിക്കളഞ്ഞു കൊണ്ടാണ് സീപ്രാസ് ജനങ്ങളുടെ കോടതിയിലേക്ക് എത്തിയത്. അവിടെയും വിജയം സീപ്രാസിനൊപ്പമാണ്. തന്റെ നിലപാട് പരാജയപ്പെടുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരില്ലെന്നും രാജിവെയ്ക്കുമെന്നും സിപ്രാസ് പ്രഖ്യാപിച്ചിരിരുന്നു.

ജനങ്ങളുടെ വിധിയെഴുത്തിനോട് യൂറോപ്പ് ഐക്യപ്പെടണമെന്നും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് പറഞ്ഞു. ജനാധിപത്യത്തില്‍ ബ്ലാക്ക് മെയിലിംഗ് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീസിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത് ജര്‍മ്മനിയാണ്. ഗ്രീസുമായുള്ള ബന്ധവും സാമ്പത്തിക പ്രതിസന്ധികളും കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഹിതപരിശോധനാ ഫലത്തോട് ജര്‍മ്മനി പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.