1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

സ്വന്തം ലേഖകന്‍: ഗ്വണ്ടനാമോ ജയില്‍ അമേരിക്ക അടച്ചു പൂട്ടുന്നു, ബാക്കിയുള്ള തടവുകാരെ അതാതു രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും. 116 തടവുകാരാണ് ജയിലില്‍ അവശേഷിക്കുന്നത്. ഇവരെ സ്വന്തം രാജ്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനുള്ള നടപടി ക്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ജയിലാണ് ഗ്വണ്ടനാമോ.

അമേരിക്കയെ ഉലച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പിടികൂടിയവരെ പാര്‍പ്പിക്കുന്നതിനാണ് ക്യൂബയില്‍ ഗ്വാണ്ടനാമോ ജയില്‍ തുറന്നത്. ഭീകരമായ ജയില്‍ മുറകള്‍ക്ക് കുപ്രസിദ്ധി നേടിയ ജയില്‍ അടച്ചു പൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനകത്ത് നിന്നുള്ള സമ്മര്‍ദ്ദം മൂലം ഇതിന് സാധിച്ചിരുന്നില്ല.

2002 ജനുവരി 11 നു തുറന്ന ജയിലില്‍ ഇതുവരെ 779 തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്. 116 തടവുകാരാണ് അവശേഷിക്കുന്നത്. യെമനില്‍ നിന്നുള്ള ആറു തടവുകാരെ കഴിഞ്ഞ ദിവസം ഒമാന് കൈമാറിയിരുന്നു. ജയില്‍ അടയ്ക്കുന്നതിനു മുന്നോടിയായി ഇവിടെയുള്ള തടവുകാരെ അവരുടെ സ്വന്തം രാജ്യത്തേക്കോ, മൂന്നാമതൊരു രാജ്യത്തേക്കോ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏര്‍ണസ്റ്റ് അറിയിച്ചു.

ജയില്‍ അടയ്ക്കുന്നതിനുള്ള അവസാന കരടുരൂപത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഉടന്‍ രൂപം നല്‍കുമെന്നും ജോഷ് ഏര്‍ണസ്റ്റ് പറഞ്ഞു.

ക്യൂബയില്‍ അമേരിക്കന്‍ നിയന്ത്രണത്തിലാണ് ഗ്വാണ്ടനാമോ ഉള്‍പ്പെടുന്ന പ്രദേശം. പുതിയ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥലം വിട്ട് നല്‍കണമെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.