1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 50ഓളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിൽ യശാശ്വി രസായൻ എന്ന സ്വകാര്യ രാസവസ്തു നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് അയൽ ഗ്രാമങ്ങളിൽ താമസിക്കുന്ന 4,800ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാ സേനാ സംഘങ്ങളുടെ ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച ഉച്ചയോടെ യായിരുന്നു സ്ഫോടനം. ദഹേജിലെ ലഖി ഗ്രാമത്തിലുള്ള ഫാക്ടറിയിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലിക്കെത്തിയിരുന്നതായി ഭറൂച്ച് ജില്ലാ ദുരന്ത നിവാരണ അധികൃതർ പറഞ്ഞു. രണ്ട് സംഭരണികളിലായി സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തനം നടന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 20 തരം രാസ വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം അകല ശബ്ദം കേൾക്കുന്നത്രയും തീവ്രതയുള്ള സ്പോടനമാണ് ഫാക്ടറിയിലുണ്ടായതെന്നും അവർ പറഞ്ഞു.

സ്‌ഫോടനം നടന്നയുടനെ ചില തൊഴിലാളികൾ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി മാനേജർമാരെയും ഉടമകളെയും വിവരം അറിയിച്ചു. ഭറൂച് ജില്ലാ കളക്ടറും ദുരന്ത നിവാരണ സംഘവും അഗ്നിശമന സേനാംഗങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനം നടന്നതെങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്ധ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് ഭറൂച്ച് ജില്ലാ കലക്ടർ എംഡി മോഡിയ പറഞ്ഞു. “അഗ്നിരക്ഷാ ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നിലവിൽ 50 ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ ഭറൂച്ച് സിവിൽ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. പ്രദേശത്ത് മറ്റ് ചില രാസവസ്തു ഫാക്ടറികൾ കൂടി ഉള്ളതിനാൽ മുൻകരുതൽ നടപടിയായി ഞങ്ങൾ 3000 ഗ്രാമീണരെ ലഖി ഗ്രാമത്തിൽ നിന്നും 1800 പേരെ ലുവാര ഗ്രാമത്തിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമാക്കിയുകഴിഞ്ഞാൽ, ഞങ്ങൾ അവരെ തിരികെയെത്തിക്കും,” ജില്ലാ കലക്ടർ പറഞ്ഞു.

ഫാക്ടറി വളപ്പിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി തങ്ങൾ അറിഞ്ഞെന്നും എന്നാൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമം തുടരുന്നതിനിടെ അകത്തേക്ക് പ്രവേശിക്കാനായില്ലെന്നും ഭറൂച്ച് ജില്ലാ പൊലീസ് മേധാവി രാജേന്ദ്രഷിഷ് ചദാഷ്മ പറഞ്ഞു. തീ നിയന്ത്രണ വിധേയമായാൽ കൃത്യമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാക്ടറി പരിസരത്തിനു സമീപം നിലയുറപ്പിച്ച പൊലീസ് സംഘം പ്രദേശവാസികളിൽ നിന്ന് വിവരം തേടുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.