1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2020

സ്വന്തം ലേഖകൻ: ഗൾഫ് സഹകരണകൗൺസിലിന്റെ ടൂറിസം മന്ത്രിമാരുടെ അഞ്ചാംവാർഷികയോഗത്തിൽ 2021-ലെ ഗൾഫ് ടൂറിസം കാപിറ്റലായി റാസൽഖൈമയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംവർഷമാണ് റാസൽഖൈമ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നത്. സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് റാസൽഖൈമ ഈ സ്ഥാനത്തിന് അർഹത നേടിയത്.

ടൂറിസം മേഖലയിലെ ഗൾഫ് സംയോജനത്തെക്കുറിച്ചും വെർച്വൽ മീറ്റിങ് ചർച്ചചെയ്തു. ലോകോത്തര ആകർഷണങ്ങളുള്ള ഏറ്റവും വൈവിധ്യമാർന്ന എമിറേറ്റുകളിലൊന്നായാണ് റാസൽഖൈമയെ കണക്കാക്കുന്നത്. ആഗോള ടൂറിസംഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ ഇത് സഹായകമായി. ബ്യൂറോ വെരിറ്റാസിൽനിന്നുള്ള സേഫ്ഗാർഡ് അഷ്വറൻസ് ലേബൽ, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ സേഫ് ട്രാവൽസ് സ്റ്റാമ്പ് എന്നിവലഭിച്ച ലോകത്തിലെ ആദ്യനഗരവും എമിറേറ്റുമാണ് റാസൽഖൈമ.

ഈ വർഷം അവസാനംവരെ എമിറേറ്റിലെ വിദേശസന്ദർശകർക്കായി സൗജന്യ കൊവിഡ് പരിശോധന നൽകുന്നതും ടൂറിസം ഭൂപടത്തിലെ സുരക്ഷിത ലക്ഷ്യസ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ബിയർ ഗ്രിൽസ് എക്സ്‌പ്ലോറർ ക്യാമ്പ് സൗകര്യങ്ങളും യു.എ.ഇ.യിൽ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റും റാസൽഖൈമയിലാണ്. കൂടാതെ എമിറേറ്റിലെ ജുൽഫാർ, ജാസിറാ അൽ ഹമ്ര, ശിമാൽ, ദയാ എന്നിവ നാല് പ്രധാന ലോക പൈതൃക സൈറ്റുകളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.