1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സ്വന്തം ലേഖകന്‍: ഉസ്‌ബെക്കിസ്ഥാനിലെ മുന്‍ ഏകാധിപതിയുടെ മകളും വിവാദ മോഡലുമായ ഗുല്‍നാറാ കരിമോവയെ വിഷം കൊടുത്തു കൊന്നതായി വെളിപ്പെടുത്തല്‍. ഉസ്‌ബെക്കിസ്ഥാന്റെ മുന്‍ ഭരണാധികാരിയും ഏകാധിപതിയുമായ ഇസ്ലാം കരിമോവിന്റെ മകളും വിവാദ മോഡലുമായ ഗുല്‍നാറാ കരിമോവ നവംബര്‍ 5 ന് താഷ്‌ക്കന്റില്‍ ഗുല്‍നാറ മരിച്ചെന്നും കല്ലറ പോലും ശേഷിക്കാത്ത രീതിയില്‍ കുഴിച്ചു മൂടിയെന്നും ഉസ്‌ബെക്ക് ദേശീയ സുരക്ഷാ സര്‍വീസ് ആയ എസ്എന്‍ബിയെ ഉദ്ധരിച്ച് ഏഷ്യന്‍ ന്യൂസ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടത്.

ആഡംബരത്തിന്റെയും പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനത്തിന്റേയും പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്ന കരിമോവ 2013 ല്‍ പിതാവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് അപ്രക്ത്യക്ഷയായിരുന്നു. 44 കാരിയായ ഇവരെ മാസങ്ങളോളം സൈക്കാട്രിക് ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. പിന്നീട് ഇവര്‍ വീട്ടു തടങ്കലില്‍ ആണെന്നും ഇസ്രായേലിലേക്ക് നാടു കടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേരത്തേ ഇവരെ തടഞ്ഞിരുന്നു. അന്നു മുതല്‍ ഇവരെ ഏതു സമയത്തും ആരെങ്കിലും ഇല്ലാതാക്കുമെന്ന ഭയത്തിലായിരുന്നു അടുപ്പമുള്ളവര്‍.

സംസ്‌ക്കാരത്തില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് വെബ്‌സൈറ്റ് പുറത്തു വിട്ട വാര്‍ത്തയില്‍ താഷ്‌ക്കെന്റിലാണ് സംസ്‌ക്കരിച്ചതെന്നും കുഴി പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തന്നെ വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടുമില്ല. എന്നാല്‍ ഉസ്‌ബെക്ക് അധികൃതര്‍ വിവരം സ്ഥിരീകരിച്ചിട്ടില്ല. കരിമോവിന്റെ പകരക്കാരനായി താല്‍ക്കാലികമായി അധികാരം കയ്യാളുന്ന ആക്ടിംഗ് പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ് വാര്‍ത്തയോട് പ്രതികരിക്കാനേ തയ്യാറായില്ല.

എന്നാല്‍ ഗുല്‍നാറ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന യൂറോപ്പിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത അത്ഭുതമായിരിക്കുകയാണ്. അവര്‍ ഇപ്പോഴും ജീവനോടെ തന്നെയുണ്ടെന്നാണ് ഇവരില്‍ പലരും കരുതുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് അവര്‍ താഷ്‌ക്കന്റിലൂടെ നടക്കുന്നത് കണ്ടെന്ന് ഇവര്‍ പറയുന്നുണ്ട്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഗുല്‍നാറ ജൂഡോ ബ്‌ളാക്ക് ബെല്‍റ്റാണ്. മുന്‍ സോവ്യറ്റ് യൂണിയനിലെ ഒളിഗാര്‍ട്ടിലെ പണവും അധികാരവുമുള്ള യുവതിയായിരുന്ന അവര്‍ പോപ്പ് താരം, ഫാഷന്‍ മോഡല്‍, സാമൂഹ്യ പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍, വിദേശ നയതന്ത്ര പ്രതിനിധി, കേശാലങ്കാര വിദഗ്ദ്ധ തുടങ്ങി വിവിധ മേഖലകളില്‍ മികവു തെളിയിച്ചിരുന്നു.

പല തവണ അഴിമതി വിവാദത്തില്‍ കുരുങ്ങിയിട്ടുള്ള ഇവര്‍ക്കെതിരേ 600 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണം അമേരിക്കയിലും 615 ദശലക്ഷം പൗണ്ടിന്റെ ആരോപണം സ്വിറ്റ്‌സര്‍ലന്റിലും അന്വേഷണം നേരിടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.