1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരെ പുതിയ പരിഷ്‌കാരം ബാധിക്കില്ല. എച്ച്-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍ കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് ജൂണ്‍ 24 ന് നിലവില്‍ വരും. ഉത്തരവിന്റെ സമയപരിധി ഡിസംബര്‍ 31 വരെയാണ്. എച്ച് 2 ബി വിസകള്‍, ജെ1, എല്‍ 1 എന്നീ വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്.

അമേരിക്കക്കാര്‍ക്ക് പകരമായി എച്ച് 1 ബി, എല്‍1 വിസയുള്ളവരെ നിയമിക്കുന്നത് നിയമം കര്‍ശനമായി നിരോധിക്കുന്നുണ്ട്. 50 ജീവനക്കാരുള്ള കമ്പനിയില്‍ പകുതിയോളം പേര്‍ എച്ച് 1 ബി, എല്‍1 വിസയുള്ളവരാണെങ്കിലും കൂടുതല്‍ പേരെ എച്ച് 1 ബി വിസയില്‍ നിയമിക്കാന്‍ അനുവദിക്കില്ല. വിദഗ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് 1 ബി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ സര്‍ക്കാര്‍.പുതിയ പരിഷ്‌കാരം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി അമേരിക്കയില്‍ രൂക്ഷമാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭരണകൂടം കൂടിയേറ്റവുമായി ബന്ധമുള്ള നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. സയന്‍സ്, എന്‍ജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരാണ് എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നത്. ഹോട്ടല്‍, നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച് 2 ബി വിസ നല്‍കുന്നത്.

എല്‍ 1 വിസയ്ക്ക് കീഴില്‍ വരുന്നവര്‍ കേര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജെ 1 വിസയില്‍ വരുന്നവര്‍ ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവരുമാണ്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് സര്‍ക്കാര്‍ ഏപ്രിലില്‍ താല്‍ക്കാലകമായി നിര്‍ത്തിവെച്ചിരുന്നു.

“ഞങ്ങള്‍ക്ക് ആദ്യം അമേരിക്കന്‍ ജീവനക്കാരെ പരിപാലിക്കേണ്ടതുണ്ട്. താല്‍ക്കാലികമായ ഈ നിര്‍ത്തിവെക്കല്‍ 60 ദിവസത്തേക്കാവും പ്രാബല്യത്തില്‍ വരിക,” എന്നായിരുന്നു പ്രഖ്യാപനം നടത്തിക്കൊണ്ട് ട്രംപ് അന്ന് പറഞ്ഞത്.

ജൂൺ 24 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അഞ്ചേകാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കൻ പൗരന്മാർക്കു ലഭിക്കും.
അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളിൽ നിന്നു എതിർപ്പുയർന്നിട്ടുണ്ട്. നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ തീരുമാനം.

കോവിഡ് ബാധ മൂലം തകർച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കം പ്രതികരിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിൽ താൻ നിരാശനാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.