1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സ്വന്തം ലേഖകന്‍: എച്ച്1ബി വീസാ പരിഷ്‌ക്കരണം, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പരിഭ്രാന്ത്രി പടരുന്നു, ഐടി കമ്പനികളുടെ തലവന്മാര്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ജോലി നഷ്ടപ്പെടാതിരിക്കാനുള്ള വഴികള്‍ അന്വേഷിച്ച് മാന്‍പവര്‍ കണ്‍സള്‍ട്ടന്‌റുമാരെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കയിലെ ഇന്ത്യക്കാരായ പ്രൊഫഷണലുകളില്‍ നിന്നുമുള്ള അന്വേഷണങ്ങള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ബിടിഐ കണ്‍സള്‍ട്ടന്‌റ്‌സ്, ട്രാന്‍സര്‍ച്ച്, ദി ഹെഡ് ഹണ്ടര്‍ തുടങ്ങിയ ഏജന്‍സികള്‍ വെളിപ്പെടുത്തി.

ഇന്ത്യയിലേയ്ക്കു തിരിച്ചു വന്നാലുള്ള തൊഴില്‍ സാദ്ധ്യതകളാണു അന്വേഷണങ്ങളില്‍ അധികവും. അതും ഐ റ്റി മേഖലയില്‍ നിന്നുള്ളവര്‍. പ്രൊജക്റ്റ് മാനേജര്‍ തൊട്ടു മുകളിലേയ്ക്കുള്ള തസ്തികകളില്‍ നിന്നുമുള്ളവരില്‍ നിന്നുമാണു അന്വേഷണങ്ങള്‍ അധികവും വരുന്നതെന്നു ദി ഹെഡ് ഹണ്ടറിന്‌റെ ചീഫ് എക്‌സിക്യൂട്ടീവ് ലക്ഷമീകാന്ത് പറയുന്നു. വിസ നീട്ടിക്കിട്ടുമോ, ഗ്രീന്‍ കാര്‍ഡ് കിട്ടുമോ എന്നിങ്ങനെയുള്ള ആശങ്കകളാണു അവരെ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു.

ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറവല്ല. തൊഴിലില്‍ അനിശ്ചിതാവസ്ഥ ഉണ്ടെന്നു പലരും ഭയപ്പെടുന്നു. അമേരിക്കയില്‍ ജീവനക്കാരുള്ള കമ്പനികളും ആശങ്കയിലാണു. എന്തായാലും അമേരിക്കയില്‍ ഇന്ത്യാക്കാരെ ജോലിയ്‌ക്കെടുക്കുന്നതില്‍ ഗണ്യമായ കുറവുണ്ടാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ഐടി കമ്പനികളുടെ തലവന്മാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായും ട്രംപിന്റെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഈ മാസം അവസാനത്തോടെ നടക്കുന്ന കൂടിക്കാഴ്ചയില്‍ 150 ബില്യണ്‍ ഡോളര്‍ ഒഴുകുന്ന ഇന്ത്യന്‍ ഐടി മേഖലയില്‍ സംഭവിച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യും. എച്ച്1ബി വിസയ്ക്ക് ശമ്പളം ഇരട്ടിയാക്കണമെന്നത് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ പോകുന്ന പുതിയ ബില്‍ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക ഐടി കമ്പനികള്‍ പങ്കുവെക്കും.

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവര്‍ നയിക്കന്ന ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളില്‍ വളര്‍ച്ച 2016 അവസാനം മുതല്‍ മന്ദഗതിയിലാണ്. അമേരിക്കയില്‍ നിന്നുള്ള ഇടപാടുകാര്‍ കുറയുന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തൊട്ടേ ഇന്ത്യന്‍ കമ്പനികള്‍ അനുഭവിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ എച്ച്1 ബി വിസയിലെ മാനദണ്ഡങ്ങള്‍ കൂടിയാകു?മ്പോള്‍ വന്‍ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വരുമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ ആശങ്ക.

എന്നാല്‍ എഞ്ചിനീയര്‍മാരെ അയയ്ക്കാന്‍ ഉപയോഗിക്കുന്ന എച്ച്1ബി വിസ ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഇതിന് പുറമേ നാട്ടുകാര്‍ക്ക് തൊഴിലവസരം കൂട്ടുക എന്നത് കൂടി ബില്ലിലൂടെ അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് സിയാ ലോഫഗ്രന്‍ എന്ന കോണ്‍ഗ്രസ്‌വുമണ്‍ അവതരിപ്പിച്ച ബില്‍ അമേരിക്കയിലെ ഐടി തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഗണിക്കാന്‍ പര്യാപ്തമല്ലെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടിയത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.