1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: ഹാദിയ വിഷയത്തില്‍ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകള്‍ തുറന്ന പോരിലേക്ക്, കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍, കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ തികച്ചും വ്യത്യസ്തമായതാണ് തുറന്ന പോരിലേക്ക് നയിച്ചത്.

ഹാദിയക്ക് മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ പ്രസ്താവനയോടെ, വിഷയത്തില്‍ ആദ്യം ഇടപെട്ട സംസ്ഥാന കമ്മീഷന്‍ വെട്ടിലായി. കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറയുന്നു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷരേഖാ ശര്‍മയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആരോപിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശിയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

വൈക്കം സ്വദേശിനി ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍, ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ 27 ന് വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കാനാണ് പിതാവ് അശോകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസില്‍ ഹാദിയയുടെ നിലപാടറിഞ്ഞ ശേഷം പിതാവിന്റെയും എന്‍.ഐ.എയുടേയും വാദം കേള്‍ക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.