1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2020

സ്വന്തം ലേഖകൻ: പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടികൂടാതിരിക്കാനുള്ള ഏറ്റവും മികച്ചമാര്‍ഗ്ഗങ്ങളിലൊന്നാണ് വ്യക്തിശുചിത്വം പാലിക്കുക എന്നത്. ഈ കൊറോണ കാലത്ത് പ്രത്യേകിച്ച് ഇടവിട്ടിടവിട്ട് സോപ്പോ ഹാന്‍ഡ്‍വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക എന്നതും പ്രധാനമാണ്.

എന്നാല്‍, പണ്ടുകാലത്ത് ഡോക്ടര്‍മാര്‍പോലും രോഗികളെ നോക്കുമ്പോള്‍ വേണ്ടവിധത്തില്‍ കൈകള്‍ വൃത്തിയാക്കിയിരുന്നില്ല. എന്നാല്‍, ഇതിന് ഒരു മാറ്റം വരുത്തിയ, കൈകള്‍ ശുചിയാക്കാന്‍ പഠിപ്പിച്ച, അത് ഇന്‍ഫെക്ഷന്‍ സാധ്യത കുറക്കുമെന്ന് കണ്ടെത്തിയ ഒരു ഡോക്ടറുണ്ട്. പേര് ഇഗ്നാസ് സെമ്മല്‍വിസ്. ഗൂഗിള്‍ ഡൂഡിലില്‍ നാം ഇന്ന് കാണുന്നത് അദ്ദേഹത്തെയാണ്.

ഹംഗേറിയന്‍ ഡോക്ടറായ അദ്ദേഹം 1844 മുതല്‍ 1848 വരെ ജോലി ചെയ്‍തിരുന്നത് വിയന്ന ജനറല്‍ ഹോസ്‍പിറ്റലിലായിരുന്നു. പഠനകാര്യങ്ങളില്‍ ലോകത്തിലെ തന്നെ മികച്ച ആശുപത്രികളിലൊന്നായിരുന്നു ഇത്. ഇതിന്‍റെ പ്രസവവാര്‍ഡ് വളരെ വിശാലമായിരുന്നു. അത് രണ്ട് വാര്‍ഡുകളായി തരംതിരിക്കപ്പെട്ടിരുന്നു.

അതിലൊന്നില്‍ ഡോക്ടര്‍മാരും അവരുടെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിച്ചു. അടുത്തതില്‍ മിഡ്‍വൈഫുമാരും അവരുടെ വിദ്യാര്‍ത്ഥികളും. എന്തിരുന്നാലും ഈ വാര്‍ഡുകളില്‍ മാതൃമരണനിരക്ക് വളരെ വളരെ കൂടുതലായിരുന്നു. മാത്രവുമല്ല, കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ത്തന്നെ പലതരം അസുഖങ്ങളും ഉണ്ടായിരുന്നു.

ഏതായാലും എന്തുകൊണ്ടാണ് ഇങ്ങനെ മരണനിരക്ക് കൂടുന്നത് എന്ന് കണ്ടുപിടിക്കാന്‍ തന്നെ സെമ്മല്‍വിസ് തീരുമാനിച്ചു. അന്ന് വേണ്ടത്ര കൈകള്‍ വൃത്തിയാക്കാതെയും അണുവിമുക്തമാക്കാതെയുമാണ് ഡോക്ടര്‍മാര്‍ പ്രസവമുറിയില്‍ പ്രവേശിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും.

സ്വയം നടത്തിയ പഠനത്തിലാണ് കൈകള്‍ വേണ്ടത്ര ശുചിയാക്കാതെ പ്രസവമെടുക്കുന്നത് മാതൃമരണത്തിനും അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയത്. അങ്ങനെ വയറ്റാട്ടിമാരും ഇങ്ങനെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നന്നായി കൈകഴുകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ക്ലോറിന്‍ ലൈം സൊലൂഷനിലൂടെ നന്നായി കൈകള്‍ വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് പരീക്ഷിച്ചതോടെ മാതൃമരണനിരക്ക് 18.27 -ല്‍ നിന്ന് 1.27 ആയി കുറഞ്ഞുവെന്ന് അന്നത്തെ പല പഠനങ്ങളും പറയുന്നു. 1848 മാര്‍ച്ച്, ആഗസ്‍ത് മാസങ്ങളില്‍ അവിടെ അമ്മമാര്‍ ആരും മരിച്ചില്ലെന്നും.

എന്നാല്‍, സെമ്മെല്‍വിസിന്‍റെ പല സഹപ്രവര്‍ത്തകരും മറ്റ് ആരോഗ്യരംഗത്തുള്ളവരും അദ്ദേഹത്തിന്‍റെ ആശയത്തെ തള്ളിക്കളയുകയാണുണ്ടായത്. എന്തുകൊണ്ടാണ് ഇങ്ങനെ കൈകള്‍ ശുചിയാക്കുന്നതിലൂടെ മരണനിരക്ക് കുറയുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് അന്ന് കഴിഞ്ഞിരുന്നുമില്ല.

തുടര്‍ന്ന്, അദ്ദേഹത്തിന്‍റെ കാലത്തെ ആരോഗ്യരംഗത്തുള്ളവര്‍തന്നെ അന്നുണ്ടായ സകല മരണങ്ങളും സെമ്മെല്‍വിസ് കാരണമാണ് എന്ന് പറയുകയും ചെയ്‍തു. ഇത്തരം അക്രമങ്ങള്‍ അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. മാനസികനില തകര്‍ന്ന അദ്ദേഹത്തെ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ചാണ് പിന്നീടദ്ദേഹം മരിക്കുന്നതും.

എന്നാല്‍, അദ്ദേഹം പഠിപ്പിച്ച കാര്യം ലോകം മറന്നില്ല. അതുകൊണ്ട് തന്നെയാണ് ഇന്ന് ഗൂഗിള്‍ പോലും ഡൂഡിലിലൂടെ അദ്ദേഹത്തെ ആദരിക്കുന്നത്. ഈ കൊവിഡ് കാലത്ത് ലോകത്താകമാനമുള്ള ജനങ്ങളെ കൈകഴുകി വൃത്തിയാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുക കൂടിയാണ് ഗൂഗിള്‍ ഡൂഡിലിലൂടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.