1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2017

സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പൈലറ്റ് രണ്ട് ഇന്ത്യന്‍ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. യാത്രക്കാരില്‍ ഒരാള്‍ ശാരീരികമായി അവശതയുള്ള ആളാണെന്നും ഹര്‍ഭജന്‍ പരാതിയില്‍ വ്യക്തമാക്കി. ബേണ്‍ഡ് ഹോസ്ലിന്‍ എന്ന പൈലറ്റാണ് യാത്രക്കാരെ അപമാനിച്ചത്. 

പൈലറ്റിനെതിരെ ഹര്‍ഭജന്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് അയക്കുകയായിരുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അനുവദിക്കരുതെന്നും ട്വീറ്റുകളില്‍ പറയുന്നു. അതേസമയം, പൈലറ്റ് യാത്രക്കാരെ അപമാനിക്കുന്നതില്‍ സിംഗ് ദൃക്‌സാക്ഷിയായിരുന്നോ എന്ന് വ്യക്തമാക്കുന്നില്ല. വംശീയാധിക്ഷേപം മാത്രമല്ല, ഒരു യുവതിയെ കയ്യേറ്റം ചെയ്യുകയും വൈകല്യമുള്ള മറ്റൊരു യാത്രക്കാരനെ പൈലറ്റ് അസഭ്യം പറയുകയും ചെയ്തുവെന്നും ഹര്‍ഭജന്‍ സിംഗ് പറയുന്നു.

‘യൂ ബ്ലഡി ഇന്ത്യന്‍ ഗെറ്റ് ഔട്ട് ഓഫ് ഫ്‌ളൈറ്റ്’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അയാള്‍ യാത്രക്കാരെ നേരിട്ടതെന്നും ട്വീറ്റില്‍ പറയുന്നു. ഈ മാസം മൂന്നിന് ഛണ്ഡിഗഡ് മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സംഭവം നടന്നത്. വീല്‍ചെയറില്‍ കഴിയുന്ന സുഹൃത്തുമൊത്ത് പൂജ ഗുജ്‌റാള്‍ എന്ന യുവതി വിമാനത്തില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു പൈലറ്റിന്റെ ആക്രോശം.

സീറ്റിനടുത്തേക്ക് വീല്‍ചെയര്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഈ സമയത്താണ് പൈലറ്റ് കടന്നുവന്നത്. താനുമായി പൈലറ്റ് തര്‍ക്കിക്കും പിടിച്ചുതള്ളുകയും ചെയ്തുവെന്ന് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വിമാനത്തിലെ മറ്റ് ജീവനക്കാര്‍ ഉടന്‍ ഇടപെടുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പൈലറ്റ് അപ്പോഴും വഴക്കിടുകയായിരുന്നുവെന്നും അവര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.