1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: സിനിമയിലെ ലൈംഗിക രംഗം അഭിനയിക്കാന്‍ നായികയ്ക്ക് നിര്‍മാതാവിന്റെ ക്ലാസ്! ഹോളിവുഡിനെ പിടിച്ചു കുലുക്കി പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിന്റെ ലൈംഗിക പീഡന പരമ്പര, വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്ത്. ലൈംഗികാപവാദ കൊടുങ്കാറ്റില്‍ പെട്ട് നട്ടം തിരിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഏറ്റവും ഒടുവില്‍ രംഗത്ത് എത്തിയത് മോഡല്‍ കൂടിയായ വു തു ഫ്വോങ് എന്ന നടിയാണ്.

ഫേസ്ബുക്കില്‍ ഏറെ വിഷമത്തോടെയാണ് ഫ്വോങ് തന്റെ അനുഭവം പങ്കുവച്ചത്. വെയ്ന്‍സ്റ്റീന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്ന ഫ്വോങ് അവര്‍ നിര്‍മിച്ച ഷാങ്കായി എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫ്വോങ്ങിന് സുപ്രധാനമായൊരു വേഷമായിരുന്നു. എന്നാല്‍, അവസാന എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഫ്വോങ്ങിന്റെ വേഷം അതിഥി വേഷത്തില്‍ ഒതുങ്ങി.

‘ഇനിയും ഇതുപോലെ നിശബ്ദയായി ഇരിക്കാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ നിന്ന് എന്നെ മോചിതയാക്കേണ്ട സമയം അതിക്രമിച്ചു. ഷാങ്കായി എന്ന ചിത്രം എനിക്ക് എങ്ങനെ ഒരു പരാജയമായെന്നും എന്റെ അമേരിക്കന്‍ സ്വപ്‌നം എങ്ങനെ തകര്‍ന്നുവെന്നും വെയ്ന്‍സ്റ്റീന്‍ കമ്പനിയുമായുള്ള കരാര്‍ എങ്ങനെ അവസാനിച്ചുവെന്നും പറയാനുള്ള സമയമായി.

അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്നെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഞാന്‍ മുറിയില്‍ എത്തുമ്പോള്‍ ഹാര്‍വി ഒരു ടവല്‍ മാത്രമുടുത്ത് നില്‍ക്കുകയായിരുന്നു. സിനിമയെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പെട്ടന്നു തന്നെ സംസാരത്തിന്റെ ശൈലിയും ഉദ്ദേശ്യവും മാറി. തനിക്ക് വേണ്ടി മനസ്സില്‍ കാണുന്ന റോളില്‍ ചില സെക്‌സ് സീനുകളെല്ലാമുണ്ടെന്ന് അയാള്‍ പറഞ്ഞു.

അത് ചെയ്യാന്‍ ഒരുക്കമാണോ എന്ന് ചോദിച്ചു. തയ്യാറാണെങ്കില്‍ ആ സീനുകള്‍ എങ്ങനെ അഭിനയിക്കണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്നായി ഹാര്‍വി. ഇതിന് മുന്‍പ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഉറച്ച അടിത്തറയായി ഇതിനെ കണ്ടാല്‍ മതി എന്നാണ് അയാള്‍ പറഞ്ഞത്,’ ഫ്വോങ് തുറന്നു പറയുന്നു.

എന്നാല്‍, ആ ഓഫര്‍ താന്‍ സ്വീകരിച്ചില്ലെന്നും ഫ്വോങ് വെളിപ്പെടുത്തുന്നു. ‘അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു എന്റെ ഭയം. എന്നെ രക്ഷിക്കാന്‍ ആരാണ് ഉണ്ടാവുക എന്നായിരുന്നു ചിന്ത. വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നു ആ നേരം ഞാന്‍. എനിക്ക് എന്നെ തന്നെ വിറ്റ് ഒരു താരമാകേണ്ട എന്നതാണ് എന്റെ നിലപാട്.

ഞാന്‍ സിനിമയുടെ ലോകത്ത് നിന്ന് മാറിനില്‍ക്കാന്‍ ഈ സംഭവം ഒരു കാരണമായിട്ടുണ്ട്. സ്ത്രീകളെ ഇങ്ങനെ വിലകുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും വെയ്ന്‍സ്റ്റീന്‍ ശിക്ഷിക്കപ്പെടണം. ഇതുപോലെ കൂടുതല്‍ സ്ത്രീകള്‍ അവരുടെ കഥകളുമായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത്,’ ഫ്വോങ് ഫേസ്ബുക്കില്‍ കുറിച്ചു.

ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രോയും ഉള്‍പ്പെടെ നിരവധി ഹോളിവുഡ് സുന്ദരിമാരെ ഹാര്‍വി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു ന്യൂയോര്‍ക്ക് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഹാര്‍വി ലണ്ടനില്‍ വച്ച് ഹോളിവുഡ് നടി ലെനറ്റ് ആന്റണി ഉള്‍പ്പെടെ മൂന്നു ബ്രിട്ടീഷ് നടിമാരെ പലപ്പോഴായി പീഡിപ്പിച്ചെന്ന ആരോപണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

ലിയ സെയ്ദു, റോസ് മഗവന്‍, ആസിയ അര്‍ജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിന്‍, ഹെതര്‍ ഗ്രഹാം, ലുസിയ ഇവാന്‍സ്, തുടങ്ങി ഇരുപത്തഞ്ചോളം നടിമാരും മോഡലുകളുമാണ് ഇതിനോടകം ഹാര്‍വിയുടെ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ആരോപണങ്ങളെല്ലാം അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്. എന്നാല്‍ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാര്‍വിയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.