1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ കൊടും ചൂട് അനുഭവപ്പെട്ടു തുടങ്ങിയതോടെ നിര്‍മ്മാണ തൊഴിലാളികള്‍ ദുരിതത്തില്‍. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവരെയാണ് ചൂടിന്റെ കാഠിന്യം ഏറ്റവും അധികം ബാധിക്കുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളികളെ കൂടാതെ മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍, ബൈക്ക് ഡെലിവറിക്കാര്‍, റോഡ് നിര്‍മാണ, അറ്റകുറ്റപ്പണി തൊഴിലാളികള്‍, ബഖാലകളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വരുന്നവര്‍ എന്നീ വിഭാഗക്കാരെല്ലാം പൊരി വെയിലില്‍ വലയുകയാണ്.

നിലവില്‍ യുഎഇയുടെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ 47 ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. അധികം വൈകാതെ താപനില 50 ഡിഗ്രിയിലേക്ക് എത്തുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മീറ്ററോളജി ആന്റ് സീസ്‌മോളജി അധികൃതര്‍ വ്യക്തമാക്കി.

കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന് 11 വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഉച്ച വിശ്രമനിയമം സാധാരണ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നടപ്പാക്കാറുള്ളത്. ഈ വര്‍ഷവും ഈ സമയത്ത് തന്നെയായിരിക്കും ഉച്ച വിശ്രമ നിയമം അനുവദിക്കുകയെന്നാണ് സൂചന. ഉച്ചക്ക് 12.30 മുതല്‍ 3 വരെ രണ്ടര മണിക്കൂറാണ് തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം അനുവദിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെയാണെങ്കില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഒരു മാസത്തോളം ഇനിയും സമയമുണ്ട്.

അതേസമയം, കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. തൊഴിലാളികള്‍ക്ക് തണുത്ത വെള്ളം നല്‍കിയും പഴവര്‍ഗങ്ങള്‍ കൈമാറിയുമാണ് ഇവര്‍ ആശ്വാസമാകുന്നത്. കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് ശരീരത്തില്‍ ജലാംശം നഷ്ടമാകുന്ന സാഹചര്യത്തില്‍ ഇടക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ചിട്ടുണ്ട്.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ചൂടിന്റെ കാഠിന്യം കൂടുതലും അനുഭവിക്കുന്നത്. പത്തും ഇരുപതും നിലകളുള്ള കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളില്‍ കടുത്ത ചൂട് അവഗണിച്ചാണ് ഇവര്‍ പങ്കാളികളാകുന്നത്. കൊടുംചൂടില്‍ കെട്ടിടങ്ങളുടെ വശങ്ങളിലെ ജോലികള്‍ വരെ ഇവര്‍ ചെയ്യുന്നുണ്ട്.

ഭക്ഷണവും കൊറിയറും അടക്കം ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുനടന്നു വിതരണം ചെയ്യുന്നവരും കൊടും ചൂടിന്റെ ഇരകള്‍ തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.