1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2019

സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയില്‍ മരണം 35 ആയി. മുംബൈയില്‍ മതിലിടിഞ്ഞ് 29 പേരും പൂണെയില്‍ ആറുപേരും മരിച്ചു. മുംബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മലഡ് ഈസ്റ്റിലെ കുന്നിന്റെ താഴെയുള്ള ചേരിയിലേക്ക് മതിലിടിഞ്ഞു വീണതാണ് ദുരന്തത്തിനിടയാക്കിയത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അംബേദ്കര്‍ കോളനിയില്‍ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു അപകടത്തില്‍പ്പെട്ടവരില്‍ അധികവും താമസിച്ചിരുന്നത്. മതില്‍ തകര്‍ന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോള്‍ ആളുകള്‍ ചിതറിയോടി.

അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

പൂണെയിലെ സിന്‍ഗഡ് കോളേജിന്റെ മതിലിടിഞ്ഞ് വീണാണ് ആറ് തൊഴിലാളികള്‍ മരിച്ചത്. കുര്‍ള ഭാഗത്ത് ഒരുനില കെട്ടിടത്തിന്റെ ഉയരത്തില്‍ വെള്ളം പൊങ്ങി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കുര്‍ളയില്‍നിന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ 52 വിമാനങ്ങള്‍ റദ്ദാക്കുകയും 54 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. സ്‌പേസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. മുംബൈയില്‍ പ്രഖ്യാപിച്ച പൊതു അവധി രണ്ടുദിവസത്തേയ്ക്ക് നീട്ടിയേക്കും.

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. അടിയന്തര സഹായത്തിനായി നാവിക സേന തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ മറാത്തവാഡ, വിദര്‍ഭ മേഖലകളിലും കനത്ത മഴ തുടരുകയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.