1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2020

സ്വന്തം ലേഖകൻ: ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ജയിൽ ക്യാമ്പുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. അവരുടെ ഭയാനകമായ അവസ്ഥകൾ അവിടെ നിന്ന് രക്ഷപ്പെട്ട ഉത്തരകൊറിയൻ തടവുകാരനായ കാങ് ചോൽ-ഹ്വാൻ തന്‍റെ അനുഭവങ്ങളിലൂടെ ലോകത്തിന് മുന്നിൽ തുറന്നു വയ്ക്കുന്നു.

ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ യോഡോക് തടങ്കൽപ്പാളയത്തിൽ 10 വർഷത്തോളം കഴിഞ്ഞ അദ്ദേഹം ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയയിൽ എത്തി. അതിനുശേഷമാണ് തന്‍റെ അനുഭവങ്ങൾ എല്ലാം കൂട്ടിച്ചേർത്ത് അദ്ദേഹം പ്രശസ്‌തമായ ‘ദി അക്വേറിയംസ് ഓഫ് പ്യോംങ്യാംഗ്’ (The Aquariums of Pyongyang)എന്ന പുസ്‍തകം എഴുതിയത്. അതോടെ തടങ്കൽ പാളയത്തിലെ ആളുകളുടെ നിസ്സഹായാവസ്ഥവും, ദുരിതങ്ങളും ലോകം അറിയാൻ തുടങ്ങി. കാങ്ങിന് ഒൻപത് വയസ്സുള്ളപ്പോൾ, ഉത്തരകൊറിയൻ സർക്കാർ അദ്ദേഹത്തിന്‍റെ മുത്തച്ഛനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നിട്ട് കുടുംബത്തെ ഉത്തര കൊറിയയിലെ ഏറ്റവും കുപ്രസിദ്ധ തടങ്കൽപ്പാളയമായ യോഡോക്കിലേക്ക് അയച്ചു.

വിലകുറഞ്ഞ റേഷനരി കഴിച്ചും, ഒടുവിൽ ജീവൻ നിലനിർത്താൻ എലികളെയും, മണ്ണിരകളെയും വരെ ഭക്ഷിച്ചും കാങ് 10 വർഷം ആ ക്യാമ്പിൽ കഴിഞ്ഞു. പകലന്തിയോളം വയലുകളിലും ഖനികളിലും അവരെ പണിയെടുപ്പിച്ചു. ചിലപ്പോൾ സഹതടവുകാരെ പരസ്യമായി അവർ വധശിക്ഷയ്ക്ക് വിധേയരാക്കി. 1992 -ൽ ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട കാങ് താൻ അനുഭവിച്ച ഭയാനകമായ കഷ്ടപ്പാടുകളെ കുറിച്ച് ലോകത്തോട് പങ്കുവച്ചു. ഇപ്പോൾ ദക്ഷിണ കൊറിയയിലെ സിയോളിൽ താമസിക്കുന്ന അദ്ദേഹം ഒരു പത്രപ്രവർത്തകനായി ജോലി ചെയ്യുകയും, ഉത്തരകൊറിയൻ ജനതയെ സഹായിക്കാൻ പ്രവർത്തിക്കുന്ന ഉത്തര കൊറിയ സ്ട്രാറ്റജി സെന്‍ററിനെ നയിക്കുകയും ചെയ്യുകയാണ്.

ഉത്തര കൊറിയയിലെ ജയിൽ ക്യാമ്പുകൾ നാസി തടങ്കൽപ്പാളയങ്ങളിൽ നിന്ന് അല്പം പോലും വ്യത്യസ്തമായിരുന്നില്ല. ഹിറ്റ്‌ലറുടെ നാസിസത്തിന്‍റെയും സ്റ്റാലിനിസത്തിന്‍റെയും ഒരു പതിപ്പു തന്നെയായിരുന്നു ഉത്തര കൊറിയൻ ഭരണകൂടവും. അവിടത്തെ ദുഷ്‍കരമായ ജീവിതം അദ്ദേഹം വിശദീകരിച്ചു. “ഞങ്ങൾ രാവിലെ അഞ്ച് മണിക്ക് ഉറക്കമുണർന്ന് ഹാജരിൽ ഒപ്പുവയ്ക്കും. അതിനുശേഷം വൈകുന്നേരം ഏഴ് മണി വരെ പണിയെടുക്കും. ജോലിചെയ്‍ത് വിശന്നുതളർന്ന ഞങ്ങൾക്ക് ഉച്ചഭക്ഷണത്തിന് വെറും ഉപ്പും, അരിയും മാത്രമാണ് കിട്ടുക. എന്നാൽ, ഇത് മാത്രം കഴിച്ച ആളുകൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയും താമസിയാതെ അവർ മരിക്കുകയും ചെയ്‍തു. എന്നാൽ, ഇത് തടവുകാരെ കൊല്ലാനുള്ള നയപരമായ മാർഗ്ഗമായിരുന്നു. വിശപ്പ് മാറാതെ ആളുകൾ കൈയിൽ കിട്ടുന്നതെല്ലാം കഴിക്കാൻ തുടങ്ങി. ഒടുവിൽ ജീവൻ നിലനിർത്താൻ മറ്റ് വഴികളില്ലാതെ അവർ എലികളെയും പ്രാണികളെയും തവളകളെയും പിടിച്ച്‌ കഴിക്കാനാരംഭിച്ചു. പകൽ മുഴുവൻ കഠിനാധ്വാനം ചെയ്യുകയും എന്നാൽ ആവശ്യത്തിന് ആഹാരം കിട്ടാതിരിക്കുകയും ചെയ്തതോടെ ജീവിതം നരകതുല്യമായി” അദ്ദേഹം പറഞ്ഞു.

ക്യാമ്പിനുള്ളിൽ ആളുകളെ ഇഞ്ചിഞ്ചായി കൊല്ലാനായി പലവിധ പീഡന സംവിധാനങ്ങളും ഉണ്ടായിരുന്നു. ഒരാൾ തെറ്റ് ചെയ്യുകയോ, കുഴപ്പമുണ്ടാക്കുകയോ ചെയ്‍താൽ, അയാളെ പരമാവധി കൊല്ലാക്കൊല ചെയ്യുമായിരുന്നു. “മാസത്തിലൊരിക്കലോ ചിലപ്പോൾ രണ്ട് തവണയോ അവിടെ പരസ്യമായി വധശിക്ഷകൾ നടക്കുമായിരുന്നു. അതിൽ രണ്ട് തടവുകാരെ കഴുവേറ്റിയത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ആ തടവുകാരെ കല്ലെറിയാൻ അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒടുവിൽ ആയിരക്കണക്കിന് കല്ലുകൾ കൊണ്ട് അവരുടെ ശരീരം തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വികൃതമായി” വേദനയോടെ അദ്ദേഹം പറയുന്നു.

ജയിൽ ക്യാമ്പുകളിൽ ഭൂരിഭാഗവും സ്ഥിരമായി തടവറകളായിരുന്നു. ക്യാമ്പുകളിൽ ഏകദേശം 200,000 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുണ്ടെന്ന് വിശകലന വിദഗ്ദര്‍ കരുതുന്നു. “ഒരിക്കൽ എനിക്ക് 10 വയസ്സുള്ളപ്പോൾ, കളിമണ്ണ് കുഴിച്ച് ഒരു കെട്ടിടം പണിയാൻ ഞങ്ങളെ നിയോഗിച്ചു. ഡസൻ കണക്കിന് കുട്ടികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, പണിക്കിടയിൽ അത് നിലംപൊത്തി. അതിനടിയിൽ ഉണ്ടായിരുന്ന കുട്ടികൾ ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ മൃതദേഹങ്ങൾ അവർ ആരും കാണാതെ കുഴിച്ചിട്ടു. മാതാപിതാക്കളെ പോലും അവർ ആദ്യം വിവരം അറിയിച്ചില്ല. അത് മാത്രവുമല്ല ആ ദുരിതത്തിന് ശേഷവും കുട്ടികളെ ജോലി ചെയ്യാൻ അവർ നിർബന്ധിക്കുമായിരുന്നു. പേടിച്ച് ഭയന്ന കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടിരുന്നു. ഞാൻ കണ്ട ആദ്യത്തെ ക്രൂരതയായിരുന്നു അത്” അദ്ദേഹം പറഞ്ഞു.

1948 -ൽ കിം ഇൽ-സുങ് അധികാരത്തിൽ വന്നപ്പോൾ മുതൽ രാജ്യം ഒരേ കുടുംബത്തിന് കീഴിലാണ്. 1994 -ൽ അദ്ദേഹത്തിന്‍റെ മകൻ കിം ജോങ് ഇൽ അധികാരമേറ്റു. തുടർന്ന് 2011 -ൽ സ്വന്തം മകൻ കിം ജോങ് ഉൻ അധികാരമേറ്റു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം കൊറിയ രണ്ടായി വിഭജിക്കപ്പെട്ടു, രണ്ട് സ്വാധീന മേഖലകളായി വിഭജിക്കപ്പെട്ടപ്പോൾ റഷ്യ വടക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിച്ചു. ഉത്തര കൊറിയക്കാർ സർക്കാരിനോട് വിശ്വസ്തരാണെന്ന് ആദ്യ കാഴ്‌ചയിൽ തോന്നുമെങ്കിലും, അവർ സർക്കാരിനെ ഭയപ്പെടുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അവർക്ക് മനസ്സിലുള്ളത് തുറന്ന് സംസാരിക്കാൻ ഭയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.