1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2017

സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി, താരത്തിന്റെ നീലക്കുപ്പായത്തിലേക്കുള്ള മടക്കം കാത്ത് ആരാധകര്‍. മതിയായ തെളിവില്ലാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തില്‍ വാതുവെച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. 2013 മേയ് 16 ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. 2013 ഒക്ടോബര്‍ പത്തിനാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ തന്റെ ഒരോവറില്‍ 14 റണ്‍സിനുമേല്‍ വഴങ്ങുമെന്ന് ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി ധാരണയുണ്ടാക്കിയെന്നും പത്തു ലക്ഷം രൂപയാണ് ഇതിനു വാങ്ങിയതെന്നുമായിരുന്നു കേസ്.

ഏത് ഓവറിലാണ് റണ്‍സ് വഴങ്ങുന്നതെന്ന് അറിയിക്കാന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ടവല്‍ തിരുകി വെക്കും എന്ന് ധാരണയുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. ഇതു തന്നെയാണ് ബിസിസിഐയും പരിഗണിച്ചത്. കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാര്‍ദ്ദനനും വാതുവെപ്പുകാരനായ ചന്ദേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് മുഖ്യ തെളിവായി ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ വാതുവെപ്പുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇതു മതിയാകില്ലെന്ന് കോടതി വിലയിരുത്തി. ജിജുവിന് വാതു വെപ്പ് സംഘവുമായി ബന്ധമുണ്ടായിരുന്നു. ശ്രീശാന്തുമായുള്ള ചങ്ങാത്തം ദുരുപയോഗം ചെയ്ത് ജിജു പണമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ശ്രീശാന്ത് ഇതിനു കൂട്ടു നിന്നില്ലെന്നും രേഖകളില്‍ നിന്ന് മനസിലാകും. വാതുവെപ്പിനായി ശ്രീശാന്തിനെ ജിജു സമീപിച്ചോയെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടെന്ന വിവരം ലഭിച്ചാല്‍ കളിക്കാരന്‍ അക്കാര്യം അധികൃതരെ അറിയിക്കണം.

വാതുവെപ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നു എങ്കില്‍പോലും ദേശീയ, അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് നാലു വര്‍ഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണ്, കോടതി ചൂണ്ടിക്കാട്ടി. കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് വിധി പുറത്തുവന്ന ശേഷം ശ്രീശാന്ത് പറഞ്ഞു. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അതുപോലൊരു തിരിച്ചുവരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പ്രതികരിച്ചു.

പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.