1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: മുന്‍കോപിയായ ട്രംപിനെ അമേരിക്കയുടെ ആണവായുധങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയില്ല, ട്രംപിനെ പൊളിച്ചടക്കി ഹിലരി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് ഫിലഡല്‍ഫിയയിലെ പാര്‍ട്ടി കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ട്രംപിനെതിരെ ആഞ്ഞടിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായി ചരിത്രം കുറിച്ച ഹില്ലരി അനൈക്യം വിതയ്ക്കുന്ന ശക്തികള്‍ക്ക് എതിരേ മുന്നറിയിപ്പു നല്‍കി.

വിനയത്തോടും ദൃഢനിശ്ചയത്തോടും ഏറെ ആത്മവിശ്വാസത്തോടും കൂടെയാണു പാര്‍ട്ടി നല്‍കിയ നോമിനേഷന്‍ സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും തൊഴില്‍ നല്‍കുന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. വിദ്വേഷത്തിനു പകരം സ്‌നേഹം വിജയിക്കുന്ന അവസ്ഥയുണ്ടാവണം. എതിരാളിയായ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ നിശിത വിമര്‍ശനമാണു ഹിലരി നടത്തിയത്.

സ്വന്തം തൊഴിലാളികളെ ചൂഷണം ചെയ്ത് സമ്പത്തു വാരിക്കൂട്ടിയ ചെറിയ മനുഷ്യനാണു ട്രംപ്. ജനങ്ങളില്‍ ഭീതി പരത്തി നേട്ടമുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാജ്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള പക്വത ട്രംപിനില്ല. ചെറിയ കാര്യങ്ങളില്‍ പോലും പ്രകോപിതനാവുന്ന അദ്ദേഹത്തിന് ഓവല്‍ ഓഫീസില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാവും. ഒരു ട്വിറ്റര്‍ സന്ദേശം കണ്ടാലുടന്‍ സമനില തെറ്റുന്ന ഒരാളെ വിശ്വസിച്ച് അണ്വായുധങ്ങളുടെ ചുമതല ഏല്പിക്കാനാവുമോഹില്ലരി ചോദിച്ചു.

ഐഎസിനെക്കുറിച്ച് സൈനിക ജനറല്‍മാരേക്കാള്‍ കൂടുതല്‍ വിവരമുണ്ടെന്നാണു ട്രംപിന്റെ ഭാവം. ഇല്ല, ഡൊണാള്‍ഡ് നിങ്ങള്‍ക്ക് അറിയില്ലഹില്ലരി തറപ്പിച്ചു പറഞ്ഞു. അമേരിക്കക്കാരെ ഭിന്നിപ്പിക്കാനും ഭാവിയെക്കുറിച്ചു ഭയം വളര്‍ത്താനുമാണു ട്രംപിന്റെ ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി.

തോക്കുലോബിയെ അനുകൂലിക്കുന്ന ട്രംപിന്റെ നയത്തെയും ഹില്ലരി വിമര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന ആര്‍ക്കും തോക്കുലോബിയുടെ പോക്കറ്റിലുള്ള ഒരു പ്രസിഡന്റിനെ സഹിക്കാനാവില്ല.

ട്രംപിന്റെ പക്കല്‍ ചില മുദ്രാവാക്യങ്ങളേ ഉള്ളു. ജനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ പദ്ധതിയുമായാണു ഡെമോക്രാറ്റിക് പാര്‍ട്ടി മത്സരരംഗത്തിറങ്ങിയിട്ടുള്ളത്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കായി വിയര്‍പ്പൊഴുക്കിയ കുടിയേറ്റക്കാര്‍ക്കു പൗരത്വം ഉറപ്പാക്കുന്ന വിധത്തില്‍ സമഗ്ര കുടിയേറ്റ നിയമ പരിഷ്‌കാരം കൊണ്ടുവരുമെന്നും ഹില്ലരി ഉറപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.