1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2016

സ്വന്തം ലേഖകന്‍: അടിച്ചും തിരിച്ചടിച്ചും ആദ്യ പ്രസിഡന്റ് സംവാദത്തില്‍ കൊമ്പുകോര്‍ത്ത് ഹിലരിയും ട്രംപും. അമേരിക്കന്‍ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും പ്രധാന ചര്‍ച്ചയായ സംവാദത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം ആയിരുന്നു എന്നാണ് പൊതുവെ വിലയിരുത്തല്‍. ഇരുവരും ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷമായിരുന്നു പോരാട്ടം തുടങ്ങിയത്.

നികുതിയെ കുറിച്ച് പറഞ്ഞു തുടങ്ങിയ സംവാദത്തില്‍ ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു. ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയില്‍ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു ഹിലരിയുടെ മറുപടി. ഇ മെയിലിന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലരി മറുപടി നല്‍കി.

ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലരി തിരിച്ചടിച്ചു. മാറി വന്ന സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്ന് ഹിലരി തിരിച്ചടിച്ചു.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കും. നികുതി ഇളവ് നല്‍കി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുെമന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്നായിരുന്നു ഹിലരിയുടെ മറുപടി. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് സ്വപ്നം. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞതോടെ സംവാദം ചൂടുപിടിച്ചു. അവസരസമത്വം ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ ചാനലായ സി.എന്‍.എന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഹിലരി മുന്നിലാണ്. 62 ശതമാനം പേരാണ് ഹിലരിയെ പന്തുണച്ചത്. ട്രംപിന് 27 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. ഹോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തല്‍സമയം കണ്ടത്. എന്‍.ബി.സി ചാനല്‍ അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.