1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2016

സ്വന്തം ലേഖകന്‍: ഹിലരി, ട്രംപ് രണ്ടാം സംവാദം, വ്യക്തിപരമായ ആരോപണങ്ങളിലൂടെ പരസ്പരം പ്രകോപിപ്പിച്ച് സ്ഥാനാര്‍ഥികള്‍. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം. എന്നാല്‍ ബില്‍ ക്ലിന്റന്റെ വിവാദങ്ങളിലൂടെ ഹിലരിയെ പ്രകോപിക്കുകയെന്നതാണ് ട്രംപിന്റെ തന്ത്രം.

ട്രംപിന്റെ ഏറ്റവും പുതിയ വിവാദമായ സ്ത്രീ വിരുദ്ധ പരാമര്‍ശ വീഡിയോ ഹിലരി ഉന്നയിച്ചു. തുടര്‍ന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് പറയുകയും ചെയ്തു. ഹിലരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റന്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. ട്രംപിന്റെ വീഡിയോ രാജ്യത്തിന്റെ മുഴുവന്‍ പ്രതിഛായയും കളഞ്ഞെന്ന് ഹിലരിയും ആരോപിച്ചു.

ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആരോപിതയായ ഹിലരി താന്‍ പ്രസിഡന്റായാല്‍ ജയിലിലാകുമെന്ന് പറഞ്ഞ ട്രംപ് ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നും ഹിലരി ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും തുറന്നടിച്ചു. അശ്ലീല പരാമര്‍ശം അടച്ചിട്ട മുറിയില്‍ നടന്നതാണ്. അത് ചെയ്ത കാര്യമല്ല. എന്നാല്‍ ബില്‍ ക്ലിന്റന്‍ ഇതെല്ലാം ചെയ്തതാണെന്നാണ് ട്രംപിന്റെ ആരോപണം.

ഇത്രയും മോശം സംസാരത്തിലൂടെ പ്രസിഡന്റാകാന്‍ യോഗ്യനല്ല താനെന്ന് ട്രംപ് തെളിയിക്കുകയാണെന്ന് ഹിലരി പറഞ്ഞു. ആദ്യ സംവാദത്തില്‍ ഹിലരിക്കായിരുന്നു മുന്‍തൂക്കമെങ്കിലും രണ്ടാം സംവാദത്തില്‍ ഇരുവരും ഇഞ്ചോടിച്ച് പൊരുതിനിന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശ വിവാദത്തില്‍പ്പെട്ട ട്രംപിന്റെ നില പരുങ്ങലിലാണെന്നാണ് പൊതുവെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.