1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ കൂടുതല്‍ ഹിന്ദു സംഘടനകള്‍ രംഗത്ത്, സെന്‍സര്‍ ബോര്‍ഡിന് ചോര കൊണ്ട് കത്തെഴുതി ബ്രാഹ്മണ മഹാസഭ. ചിത്രത്തിന്റെ റിലീസ് തടയാണമെന്ന ആവശ്യപ്പെട്ടാണ് രക്തം കൊണ്ടുള്ള കത്ത് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഒരു നിവേദനം എന്ന രീതിയിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

നേരത്തേ സുബ്രഹ്മണ്യന്‍ സ്വാമി ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്ന വാദവുമായി രംഗപ്രവേശം ചെയ്തിരുന്നു. ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ടുപോയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നുമാണ് സ്വാമി പറഞ്ഞത്.

നേരത്തെ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ രജപുത്ര കര്‍ണിസേന അക്രമം നടത്തിയിരുന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള ആകാശ് തിയേറ്ററിലായിരുന്നു പ്രദര്‍ശനം നടത്തിയത്. എന്നാല്‍ തിയറ്ററിലേക്ക് ഇടിച്ചു കയറിയ കര്‍ണി സേനക്കാര്‍ ചില്ലുകളും മറ്റും അടിച്ച് തകര്‍ക്കുകയായിരുന്നു. സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് കര്‍ണി സേനയുടെ ആവശ്യം.

ചലച്ചിത്രത്തിലെ നായിക നടി ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്നാണ് രാജസ്ഥാനിലെ കര്‍ണി സേനയുടെ പുതിയ ഭീഷണി. കര്‍ണിസേന സ്ത്രീകളുടെ പ്രതിച്ഛായ മോശമാക്കുന്നതിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. ഒരു സ്ത്രീയുടെ നേര്‍ക്കും തങ്ങള്‍ കൈ ഉയര്‍ത്തില്ല. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ശൂര്‍പ്പണഘയോട് ലക്ഷമണന്‍ ചെയ്തത് ചെയ്യുമെന്നും കര്‍ണിസേന നേതാവ് മഹിപാല്‍ സിംഗ് പറഞ്ഞു.

ഇതിനിടെ റിലീസിന് തയാറെടുക്കുന്ന പത്മാവതിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും രംഗത്തെത്തി. പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് സിനിമ ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ സെക്രട്ടറിക്കു യുപി സര്‍ക്കാര്‍ കത്തയച്ചു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.