1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2019

സ്വന്തം ലേഖകന്‍: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഭീകരതയുടെ തലത്തിലേക്കു വഴിമാറുന്നതായി ചൈനയുടെ ആരോപണം. ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികളെ ഭീകരരെന്നു മുദ്രകുത്തിയ ചൈന, സംയമനത്തിന്റെ ഭാഷയില്‍ ഏറെനേരം സംസാരിക്കാനാകില്ലെന്നു മുന്നറിയിപ്പു നല്‍കി. തെരുവുകളിലെ പ്രക്ഷോഭം വിമാനത്താവളത്തിലേക്കും നീണ്ടതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് ഉള്‍പ്പെടെ ഉപയോഗിച്ചതിലൂടെ രണ്ടു മാസം പിന്നിട്ട പ്രക്ഷോഭം ‘ഭീകരത’യുടെ തലത്തിലേക്കു മാറിയെന്നാണു ചൈനയുടെ നിലപാട്.

ഇതിനിടെ, ഷെന്‍സെന്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചൈനീസ് അര്‍ധ സൈനിക വിഭാഗങ്ങളുടെ നൂറുകണക്കിനു വാഹനങ്ങള്‍ വ്യാഴാഴ്ച ഇടം പിടിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരിട്ടുള്ള സൈനിക ഇടപെടലിന് ചൈന തയാറാകില്ലെന്നു തന്നെയാണു രാജ്യാന്തര സമൂഹത്തിന്റെ നിഗമനം. ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ യുഎസിന് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം.

എന്നാല്‍, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാന്‍ ചൈന തയാറാകണമെന്നാണ് യുഎസ് നിലപാട്. ചൈനീസ് അര്‍ധസൈനിക വിഭാഗങ്ങള്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ജനാധിപത്യ രീതിയില്‍ പ്രഷോഭകാരികളോട് ഇടപെടണമെന്ന യുഎസ് നിര്‍ദേശത്തോടു രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.