1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നെന്ന് മുബാറകിന്റെ മകന്‍ അലാ മാധ്യമങ്ങളോട് വ്യക്തമാക്കി.

നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക് 1981 ല്‍ ഈജിപ്തിന്റെ നാലാമത്തെ പ്രസിഡന്റായാണ് അധികാരത്തിലേറിയത്. അന്നത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിന് ശേഷമാണ് ഹുസ്‌നി മുബാറക് അധികാരത്തിലേറിയത്.

ഈജിപ്തിന്റെയും പശ്ചിമേഷ്യയുടെയും ഇന്നലെകളില്‍ മറക്കാന്‍ പറ്റാത്ത രാഷ്ട്രീയ മുഖമാണ് ഹുസ്‌നി മുബാറക്. മുബാറക്കിന്റെ ദുര്‍ഭരണത്തിനെതിരെയായിരുന്നു ഈജിപ്തില്‍ അറബ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം കനത്തതോടെ 2011 ല്‍ ഇദ്ദേഹത്തിന് അധികാരത്തില്‍ നിന്ന് പുറത്തു പോവേണ്ടിയും വന്നു.

ജനകീയ പ്രക്ഷോഭത്തിലൂടെ ഈജിപിതിലെ ഭരണാധികാരിയെ പുറത്താക്കിയത് മറ്റു അറബ് രാജ്യങ്ങളിലെ യുവാക്കളെ വലിയ തോതില്‍ സ്വാധീനിക്കുകയും ഇത് മറ്റു രാജ്യങ്ങളില്‍ സമാന പ്രക്ഷോഭത്തിന് വഴിവെക്കുകയുമായിരുന്നു.

ഈജിപ്തിലെ പ്രക്ഷോഭകര്‍ക്കെതിരെ നടത്തിയ സൈനികാക്രമണങ്ങളുടെയും അഴിമതിക്കേസുകളുടെയും പേരില്‍ തടവലാക്കപ്പെട്ട ഇദ്ദേഹം 2017 ലാണ് ജയില്‍ മോചിതനാവുന്നത്. ഹുസ്‌നി മുബാറകിന്റെ ഭരണകാലത്ത് ഈജിപ്ത് അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം വച്ചു പുലര്‍ത്തിയിരുന്നു.

2011 ഫെബ്രുവരിയില്‍ ഈജിപ്തിലെ തെഹ്‌രീര്‍ ചത്വരത്തില്‍ മുബാറക്ക് അധികാരത്തില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് വന്‍ ജനാവലി ഇന്നും ഈജിപ്ത് രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ചിത്രമാണ്. തുടര്‍ച്ചയായ 18 ദിവസമാണ് തെഹ്രീര്‍ ചത്വരത്തില്‍ മുബാരക്കിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.