1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2015

സ്വന്തം ലേഖകന്‍: ലോക സിനിമ ഗോവയിലേക്ക്, 46 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഇഫി) പനാജിയില്‍ തുടക്കമായി. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവന മാനിച്ച് ഇളയരാജക്ക് ‘സെന്റിനറി അവാര്‍ഡ് ഫോര്‍ ഇന്ത്യന്‍ പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡ് നല്‍കി ആദരിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗജേന്ദ്ര ചൗഹാനെ മാറ്റണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധമുയര്‍ത്തി. 7000 പ്രതിനിധികളാണ് ഇത്തവണ മേളക്കത്തെുന്നത്.

ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിന് ആഗോള ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ ഇടം ലഭിച്ചതായി ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സിനിമക്ക് വിസ്മയകരമായ പരിണാമമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 58 കാരനായ അനില്‍ കപൂര്‍ വികാരഭരിതനായാണ് പ്രസംഗം തുടങ്ങിയത്. തന്റെ കഴിഞ്ഞകാല സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇത്രയും വിലപ്പെട്ട നിമിഷങ്ങള്‍ കഴിച്ചുകൂട്ടുകയെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധകര്‍ക്കായി അനില്‍ കപൂര്‍ തന്റെ പ്രശസ്ത ഗാനമായ ‘ധക് ധകി’ ന്റെ വരികള്‍ക്കൊപ്പം ചുവടുവെച്ചു.

11 ദിവസത്തെ മേളയില്‍ ലോക സിനിമാവിഭാഗത്തില്‍ 89 രാജ്യങ്ങളില്‍നിന്ന് 187 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ സിനിമകളും 21 ഫീച്ചറേതര സിനിമകളും പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ സിനിമകളടക്കം 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃതം സിനിമ ‘പ്രിയമാനസം’ ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം.

സ്‌പെയിന്‍ സിനിമയാണ് ഇത്തവണത്തെ ഫോക്കസ്. സ്പാനിഷ് ചലച്ചിത്രകാരന്മാരായ കാര്‍ലോസ് സൗറ, പെഡ്രോ ആല്‍മദോവര്‍, അലിയാന്‍ഡ്രോ അമെനാബാര്‍ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമാധാനം, സഹിഷ്ണുത, അക്രമരാഹിത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമക്ക് ഇത്തവണ യുനെസ്‌കോ ഫെല്ലിനി സമ്മാനം നല്‍കും.

ലോക ക്‌ളാസിക് സിനിമകളുടെ പ്രത്യേക വിഭാഗവും ഇത്തവണയുണ്ട്. സിനിമയും സാംസ്‌കാരിക വൈവിധ്യവും എന്ന വിഷയത്തില്‍ പ്രത്യേക സെമിനാറുണ്ട്. പ്രമുഖ ചലച്ചിത്രകാരന്മാരായ ശ്യാം ബെനഗല്‍, വെറ്റിമാരന്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി മനോഹര്‍ പരീകര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍, അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍, അംഗങ്ങളായ മൈക്കല്‍ റാഡ്‌ഫോഡ്, ജൂലിയ ജെന്‍ഷ്, സുഹ അറഫ്, ജോണ്‍ ക്യൂഹ്വാന്‍, എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.