1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2016

സ്വന്തം ലേഖകന്‍: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബാല്യം കശാപ്പു ചെയ്യപ്പെടുന്നു, ഇതുവരെ അപ്രത്യക്ഷരായത് 10,000 ത്തോളം കുട്ടികള്‍. ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് വലയുന്ന മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായവരാണ് ഇതില്‍ മിക്കവാറും കുട്ടികളും.

അപ്രത്യക്ഷരാകുന്ന ഈ കുട്ടികള്‍ കുറ്റവാളി സംഘങ്ങളുടെ കൈയില്‍പ്പെടാനും ലൈംഗിക ചൂഷണത്തിനും അടിമപ്പണിക്കും വിധേയരാക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ പൊലീസ് ഇന്റലിജന്‍സ് വിഭാഗമായ യൂറോപോളാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

മധ്യേഷ്യയില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥിപ്രവാഹം തുടരുകയാണ്. 26,000 കുട്ടികള്‍ ഇതുവരെ അച്ഛനമ്മമാരോടൊപ്പമല്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന പറയുന്നു. 10,000 എന്നത് ആശ്ചര്യക്കണക്ക് അല്ലെന്നും യൂറോപോള്‍ വ്യക്തമാക്കി. കാണാതായ കുട്ടികളത്രയും ചൂഷണം ചെയ്യപ്പെട്ടിരിക്കാമെന്ന് പറയുന്നില്ല, ഒരുപക്ഷേ, അവര്‍ രക്ഷിതാക്കളുടെയടുത്ത് തിരിച്ചെത്തിയിരിക്കാം. എന്നാല്‍, അവര്‍ ഇപ്പോള്‍ എവിടെ, എന്തു ചെയ്യുന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് യൂറോപോള്‍ തലവന്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളെ പിന്നീട് കാണാതാകുകയാണ്. മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഭയാര്‍ഥികളിലാണെന്നും യൂറോപോള്‍ പറഞ്ഞു. ഇറ്റലിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 5000 കുട്ടികളെ കാണാതായിട്ടുണ്ട്. നിരവധി കുട്ടികളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശന കവാടമായ ഗ്രീസില്‍ തന്നെ കാണാതാകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.