1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

സ്വന്തം ലേഖകന്‍: യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ചടുക്കി ട്രംപ്, അനധികൃത കുടിയേറ്റക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നാടുകടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ പൗരത്വവും മറ്റുകാര്യങ്ങളും പരിശോധിക്കാതെ നാടുകടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്ന രണ്ടു മെമ്മോകളില്‍ ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ സെക്രട്ടറി ജോണ്‍ കെലി ഒപ്പുവെച്ചു. മെക്‌സികോയില്‍നിന്നും മറ്റും യുഎസിലേക്ക് കുടിയേറിയ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാരെ പുതിയ നിയമം ബാധിക്കും. കുട്ടികളല്ലാത്ത മുഴുവന്‍ അഭയാര്‍ഥികളോടും ഒരു കരുണയും കാണിക്കേണ്ടതില്ലെന്ന് പറയുന്ന പുതിയ നിയമം അതിര്‍ത്തി പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും നിര്‍ദേശിക്കുന്നു.

ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുന്‍ഗണന നല്‍കും. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവരെല്ലാം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടങ്ങാനും കെലി ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണത്തിന് 50,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിയമം നടപ്പിലായാല്‍ മൂന്ന് ലക്ഷത്തോളം ഇന്ത്യാക്കാരും നാടുകടത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തേക്ക് അനധികൃതമായി കടന്ന് കയറുകയോ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടുളളവരെയാണ് നാടുകടത്തുക എന്നതിനലാണിത്. കുറ്റവാളിയെന്ന സംശയവും നാടുകടത്താനുളള കാരണമാണ്. ചെറു കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവര്‍ പോലും നാടുകടത്തല്‍ ഭീഷണി നേരിടുമെന്നാണ് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സംശയിക്കുന്നവരും നാടുകടത്തും.

അനുമതിയില്ലാതെ അതിര്‍ത്തി കടന്നവരെയും വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. അനധികൃതമായി അതിര്‍ത്തി കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. വീസാകാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് സിവില്‍ കുറ്റവും.
രേഖകളില്ലാത്ത മെക്‌സിക്കന്‍ കുടിയേറ്റക്കാരെയും തിരിച്ചയക്കും. അഭയം തേടി കോടതി ഉത്തരവ് കാത്തിരിക്കുന്നവരെയും നാടുകടത്തും. ട്രംപ് അധികാരമേറ്റതു മുതല്‍ ആരംഭിച്ച കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.