1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2018

സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍നിന്നു മാത്രം; വിദേശയാത്രയ്ക്ക് 21 ദിവസം മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഓണ്‍ലൈനായി സൗജന്യ രജിസ്‌ട്രേഷന്‍ നടത്താം; ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍നിന്ന് മാത്രമേ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവൂ എന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

2019 ജനുവരി ഒന്നുമുതല്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുമാത്രമേ രജിസ്‌ട്രേഷന്‍ സാധ്യമാകൂ. വിദേശയാത്രയ്ക്ക് 21 ദിവസം മുന്‍പ് മുതല്‍ 24 മണിക്കൂര്‍ മുന്‍പുവരെ ഓണ്‍ലൈനായി സൗജന്യ രജിസ്‌ട്രേഷന്‍ നടത്താം. www.emigrate.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് നടപടി പൂര്‍ത്തിയാക്കാം.

വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശമാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ കാണിക്കേണ്ടത്. തൊഴില്‍ ദാതാവ്, തൊഴില്‍ സ്ഥാപനം എന്നിവ മാറുന്നമുറയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ വേണ്ടിവരും. ഇ.സി.ആര്‍. പാസ്‌പോര്‍ട്ട് ഉള്ളവര്‍ തൊഴില്‍ വിസയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ടിലേക്ക് മാറുമ്പോള്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ഒരിക്കല്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ റദ്ദാക്കാനാവില്ല.

തൊഴില്‍ വിസ ഇല്ലാത്ത കുടുംബാംഗങ്ങള്‍, ഔദ്യോഗിക വിസ, സന്ദര്‍ശക വിസ, ബിസിനസ് വിസ എന്നിവയില്‍ പോകുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഉടമയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. വിദേശത്തു ജോലിചെയ്യുന്നവര്‍ നാട്ടില്‍വന്നു മടങ്ങുന്നതിനുമുന്‍പായി രജിസ്‌ട്രേഷന്‍ നടത്തണം.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്‍ഡോനേഷ്യ, ഇറാക്ക്, ജോര്‍ദ്ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ., യെമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍വന്ന ഈ നിബന്ധന 2019 ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ തൊഴില്‍ വിസയില്‍ നിലവില്‍ ജോലി ചെയ്യുന്ന ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ ഇനി നാട്ടില്‍വന്ന് മടങ്ങുന്നതിനുമുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 1800 11 3090 എന്ന നമ്പറില്‍ ലഭിക്കും. ഇമെയില്‍ വിലാസം: helpline@mea.gov.in.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.