1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു കുടുംബം പ്രതിവര്‍ഷം കൊടുക്കേണ്ടി വരുന്ന ശരാശരി കൈക്കൂലി 4,400 രൂപയെന്ന് പഠനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ കൈക്കൂലിയുടെ ഞെട്ടിക്കുന്ന കണക്കുകളുടെ വിവരങ്ങളുള്ളത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും പക്കല്‍ വന്‍തോതില്‍ കള്ളപ്പണം കുമിഞ്ഞു കൂടുന്നതായും പഠനത്തില്‍ പറയുന്നു.

നഗരങ്ങളില്‍ ശരാശരി പതിനെണ്ണായിരം രൂപ വരെയാണ് ഒരോ വര്‍ഷവും ഒരു കുടുംബം വിവിധ കാര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കുന്നത്. ജോലി നേടാനും, സ്‌കൂള്‍ പ്രവേശനത്തിനും, പൊലീസിനുമെല്ലാം സാധാരണക്കാര്‍ക്ക് വന്‍ തുക കൈക്കൂലി നല്‍കേണ്ടിവരുന്നു. വഴിയരികില്‍ കച്ചവടം നടത്തുന്നവരും ചുരുങ്ങിയത് പതിമൂവായിരത്തോളം രൂപ ഓരോ വര്‍ഷവും കൈക്കൂലി നല്‍കുന്നുണ്ട്. ഇന്ദിര ആവാസ് യോജന, ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തുടങ്ങി സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളും കൈക്കൂലിയുടെ ഇരകളാണ്.

തൊഴിലുറപ്പു പദ്ധതിയില്‍ പങ്കാളികളായ 67 ശതമാനം പേരും ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരുപങ്ക് ഇടനിലക്കാര്‍ക്ക് നല്‍കേണ്ടിവരുന്നതായി വെളിപ്പെടുത്തി. കൈക്കൂലി വാങ്ങുന്നതില്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് മുന്നില്‍. കരാറുകാര്‍ക്ക് ജോലികള്‍ അനുവദിക്കുന്നതു മുതല്‍ ഖനനം, വികസന പദ്ധതികള്‍ തുടങ്ങിയവയുടെ ഭാഗമായെല്ലാം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കൈക്കൂലി ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി 2012 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തിലെ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പരിശോധിച്ചുവരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.