1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2017

സ്വന്തം ലേഖകന്‍: 71 മത് സ്വാതന്ത്യ്ര ദിനത്തിന്റെ നിറവില്‍ ഇന്ത്യ, പുതിയ ഇന്ത്യ സഹിഷ്ണുതയുടേയും പുരോഗതിയുടേതുമെന്ന് സ്വാതന്ത്യ്ര ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് 71 ആം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാറിന് നിയമ നിര്‍മ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമേ കഴിയൂ. എന്നാല്‍ ജനങ്ങള്‍ അത് പാലിക്കുകയും ചുമതലകള്‍ നിറവേറ്റുകയും ചെയ്താലാണ് രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനം. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി പറഞ്ഞു. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. സ്വന്തം ജീവന്‍ രാജ്യത്തിന്റെ പരാമാധികാരത്തിന് വേണ്ടി സമര്‍പ്പിച്ചവരില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഓരോ പൗരനും ദേശത്തിന്റെ പുരോഗതിക്ക് വേണ്ടി പൊരുതണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

രാജ്യത്ത് പുതുതായി ഏര്‍പ്പെടുത്തിയ സാമ്പത്തിക പരിഷ്‌കരണമായ ചരക്കു സേവന നികുതിയെ ജനങ്ങള്‍ സ്വാഗതം ചെയ്തതില്‍ സന്തോഷിക്കുന്നു. നികുതി സര്‍ക്കാര്‍ രാജ്യത്തിന്റെ നന്മക്കു വേണ്ടി ഉപയോഗപ്പെടുത്തും. നോട്ട് നിരോധനം രാജ്യത്തിന്റെ സത്യസന്ധത വര്‍ദ്ധിപ്പിക്കുന്ന നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരപോരാളികളെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് അഭിവാദ്യം ചെയ്തു. രാഷ്ട്രപതിയായി അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സ്വാതന്ത്യ്ര ദിന സന്ദേശമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.