1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്നു തന്നെയാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സെര്‍ജി ലാവ്‌റോവാണ് റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ മധ്യസ്ഥതയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനെ ഖണ്ഡിച്ചു കൊണ്ടാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ നിലപാട് വന്നിരിക്കുന്നത്.

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍. ബീഹാറിലെ ഗന്ധക് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു. പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബീഹാർ സർക്കാര്‍ ഗന്ധക് അണക്കെട്ടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മഴക്കാലത്തു നേപ്പാൾ ഭാഗത്തെ നദികളിലെ വെള്ളം ഒഴുകിയെത്തി ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതു തടയാൻ വർഷം തോറും അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ഇത് ഈ വര്‍ഷം നേപ്പാള്‍ തടഞ്ഞുവെന്ന് ബീഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. നേപ്പാളുമായി ബിഹാർ 700 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്‍റ് ഉപരിസഭ പാസാക്കിയിരുന്നു. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം പുതിയ മാപ്പിന് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മാപ്പാണ് നേപ്പാള്‍ ദേശീയ അസംബ്ലി എതിരില്ലാതെ പാസാക്കിയത്. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.