1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും.

നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകര്‍ത്താക്കള്‍ നേരിട്ടും കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കമ്പനികള്‍ക്ക് നേരിട്ടും ഓര്‍ഡര്‍ നല്‍കുന്ന വിധത്തിലുമാണ് മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്.

പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൌദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് അയല്‍രാജ്യങ്ങള്‍ക്ക് ആദ്യം എന്ന രീതിയാവും ഇന്ത്യ പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേപ്പാള്‍ 12 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാന്‍ പത്തുലക്ഷം കോവിഷീല്‍ഡ് വാക്‌സിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. മൂന്നുകോടി കോവിഷീല്‍ഡ് വാക്‌സിനാണ് മറ്റൊരു അയല്‍രാജ്യമായ ബംഗ്ലാദേശ് ഇന്ത്യയില്‍നിന്ന് വാങ്ങാനൊരുങ്ങുന്നത്.

ശ്രീലങ്കയും വാക്‌സിനു വേണ്ടി അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. മാലദ്വീപും ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള സന്നദ്ധത ഇന്ത്യ അഫ്ഗാനിസ്താനെ അറിയിച്ചിട്ടുമുണ്ട്. ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്ണുകള്‍ രാജ്യത്ത് വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.