1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2015

സ്വന്തം ലേഖകന്‍: ഇന്ത്യാ പാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ച സാഹചര്യത്തിലാണ് പാക്ക് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്.

ചര്‍ച്ചയ്ക്കായി ഇന്ത്യ ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ച സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനോടുള്ള പ്രതികരണം ഇന്നലെ അര്‍ധരാത്രിക്കകം നല്‍കാന്‍ സുഷമ ആവശ്യപ്പെട്ടിരുന്നു. രാത്രി ഒന്‍പതു മണിയോടെയാണ് പാക്കിസ്ഥാന്‍ പിന്മാറ്റം അറിയിച്ചത്.

കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള നീക്കം പാക്കിസ്ഥാന്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച സാധ്യമല്ലെന്നു സുഷമാ സ്വരാജ് നിലപാടു വ്യക്തമാക്കിയിരുന്നു. ഭീകരവാദം ഒഴികെയുള്ള വിഷയങ്ങളൊന്നും എന്‍എസ്എ ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്നും സുഷമ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നു പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇസ്‌ലാമാബാദില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനു മറുപടി നല്‍കുകയായിരുന്നു വിദേശകാര്യ മന്ത്രി.
ഹുറീയത്തിനെ ചര്‍ച്ചകളുടെ ഭാഗമാക്കാനുള്ള പാക്ക് നീക്കം ഷിംല കരാറിനു വിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

നേരത്തെ സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയ കശ്മീര്‍ വിഘടനവാദി നേതാക്കളായ ഷാബിര്‍ ഷാ, മുഹമ്മദ് അബ്ദുല്ല താരി, സമീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.