1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണ കൊറിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏഴു സുപ്രധാന കരാറുകള്‍ ഒപ്പിട്ടു. ദക്ഷിണ കൊറിയ ഇന്ത്യക്ക് 63,000 കോടി രൂപ നല്‍കും. ഊര്‍ജ ഉല്‍പാദന മേഖലയിലും ചെറുനഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഈ തുക വിനിയോഗിക്കുക്ക. ഒപ്പം വാണിജ്യ, വ്യാപാര സഹകരണത്തിനും ധാരണയായി.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, മേഖലാ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ജൂന്‍ഹയ്യുമായി ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇരട്ട നികുതി ഒഴിവാക്കുന്നത് അടക്കമുള്ളവയാണ് കരാറുകള്‍. ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു.

ചൈന, മംഗോളിയ സന്ദര്‍ശനങ്ങള്‍ക്കു ശേഷമാണ് മോദി കൊറിയയിലെത്തിയത്. നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ പ്രധാനമന്ത്രി ഇന്ന് കൊറിയന്‍ ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഹ്യുണ്ടായ് മോട്ടോഴ്‌സ്, സാംസങ് ഇലക്ട്രോണിക്‌സ്, എല്‍ജി ഇന്‍ഡസ്ട്രീസ് തുടങ്ങിയ രാജ്യാന്തര കമ്പനികളുടെ മേധാവികളുമായി പ്രത്യേകം കൂടിക്കാഴ്ചകളാണു നടത്തുക.

കപ്പല്‍നിര്‍മാണ രംഗത്ത് സഹകരണത്തിനായി സംയുക്ത പ്രവര്‍ത്തന സമിതി ഉണ്ടാക്കാനും ധാരണയായി. ഇന്ന് ഉല്‍സാനിലെ ഹ്യുണ്ടായ് ഇന്‍ഡസ്ട്രീസ് ഷിപ്‌യാര്‍ഡും മോദി സന്ദര്‍ശിക്കും. പ്രതിരോധമേഖലയില്‍ കൊറിയന്‍ കമ്പനികളുടെ സഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്.

സാംസങ്ങും എല്‍ജിയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാനും ധാരണയായി. ഹ്യുണ്ടായ് മോട്ടോഴ്‌സ് രണ്ടു പുതിയ പ്ലാന്റുകള്‍കൂടി സ്ഥാപിക്കും. ഈ നടപടികള്‍ വേഗത്തിലാക്കാന്‍ വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത മാസം ദക്ഷിണകൊറിയ സന്ദര്‍ശിച്ചേക്കും. എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മിക്കാന്‍ കൊറിയന്‍ സാങ്കേതിക സഹകരണവും മോദി അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.