1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2016

സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ സൈന്യം, കേന്ദ്ര സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത് മമതാ ബാനര്‍ജി. സംസ്ഥാനത്തെ ടോള്‍ പ്‌ളാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണെന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മമത വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും സെക്രട്ടേറിയറ്റിലെ ഓഫീസില്‍തന്നെ കഴിഞ്ഞു.

ഹൂഗ്‌ളി ജില്ലയിലെ ദാങ്കുനിയിലാണ് സൈന്യം വാഹനങ്ങള്‍ പരിശോധിക്കുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മുര്‍ഷിദാബാദ്, ജല്‍പൈഗുരി, ഡാര്‍ജീലിങ്, നോര്‍ത് 24 പര്‍ഗാന, ബര്‍ധമാന്‍, ഹൗറ തുടങ്ങിയ ജില്ലകളില്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മമത ആരോപിച്ചു.

സെക്രട്ടേറിയറ്റിന് 500 മീറ്റര്‍ അകലെയുള്ള ഹൂഗ്‌ളി ബ്രിഡ്ജ് ടോള്‍ ബൂത്തിലും സൈന്യം പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെയാണ് സൈന്യത്തെ നിയോഗിച്ചതെന്നും ഇത്തരത്തില്‍ ഒരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ആരോപണം സൈന്യം നിഷേധിച്ചു. ദേശീയപാതയിലൂടെ കടന്നുപോകുന്ന ഭാരവണ്ടികളുടെ കണക്കെടുക്കാനാണ് പരിശോധന നടത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

വിവാദമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 ഓടെ സെക്രട്ടേറിയറ്റിനു സമീപത്തെ ടോള്‍ പ്‌ളാസയില്‍നിന്ന് സൈന്യം പിന്‍വാങ്ങിയിരുന്നു. ടോള്‍ ബൂത്തിനു സമീപം കെട്ടിയുയര്‍ത്തിയ താല്‍ക്കാലിക ഷെഡും സൈന്യം നീക്കി. എന്നാല്‍, സെക്രട്ടേറിയറ്റ് വിട്ടുപോകാന്‍ മമത തയാറായില്ല.
താന്‍ ഇവിടെ ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക് എതിരെയുള്ള പ്രതികാര നടപടികളാണ് അരങ്ങേറുന്നതെന്നും മമത മാധ്യമങ്ങളോട്? പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് നടക്കുന്ന അസാധാരണ സൈനികനീക്കത്തെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.