1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന ചരിത്രപദ്ധതിയുമായി ഇന്ത്യന്‍ സൈന്യം. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയിൽനിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത കാലാവധിക്കു ശേഷം ഇവര്‍ക്കു മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാന്‍ കഴിയും.

രാജ്യത്തെ യുവാക്കളില്‍ കൂടുതല്‍ ദേശസ്‌നേഹം വളര്‍ത്താനും അവര്‍ക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് ഹ്രസ്വകാല റിക്രൂട്ട്‌മെന്റിനു പദ്ധതി തയാറാക്കിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനിക വക്താവ് അറിയിച്ചു.

പ്രായവും ശാരീരികക്ഷമതയും ആകും പ്രധാന മാനദണ്ഡം. ഇവരുടെ ജോലിയിലും ഇളവുകള്‍ ഉണ്ടായിരിക്കില്ല. അതിര്‍ത്തിയിലും മുന്‍നിരയിലും ജോലിക്കു നിയോഗിക്കും. രാജ്യത്ത് ദേശസ്‌നേഹം വര്‍ധിക്കുന്ന പ്രവണതയാണുള്ളത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും സൈനികസേവനം ആഗ്രഹിക്കാത്ത, എന്നാല്‍ ഹ്രസ്വകാലത്തേക്ക് സൈനികജീവിതം അറിയാന്‍ താല്‍പര്യമുള്ള യുവാക്കളെ ആകര്‍ഷിക്കാനാണ് പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.