1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2017

സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുമ്പ് തൊഴിലവസരവും പെര്‍മിറ്റ് വിസയും ആധികാരികമാണെന്നും ഇവ യുഎഇയിലെ നിയമപ്രകാരം ഉള്ളതാണെന്നും ഉറപ്പാക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഏജന്റ്മാരാല്‍ വഞ്ചിതരായി വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കൈവശം കൃത്യമായ കണക്കുകള്‍ ഇല്ലാത്തതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത്. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്കും ഒമാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും എത്തുന്ന സ്ത്രീകള്‍ സംശയാസ്പദ സാഹചര്യങ്ങളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കേസുകളുമുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കോണ്‍സുലേറ്റില്‍ തൊഴിലാളികളുടെ 540 ലേറെ പരാതികള്‍ ലഭിച്ചതായും അതില്‍ 250 എണ്ണം പരിഹരിക്കപ്പെട്ടതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.

ചില കേസുകളില്‍ തൊഴിലുടമയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടാന്‍ കോണ്‍സുലേറ്റിന് തന്നെ ഇടപെടേണ്ടി വന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ 2016 ല്‍ 225 വിമാന ടിക്കറ്റും ഈ വര്‍ഷം 186 എയര്‍ടിക്കറ്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് എടുത്ത് നല്‍കി. 2017 ജൂണില്‍ എത്തിയ 792 ജോലി അന്വേഷണങ്ങളില്‍ വെറും 66 എണ്ണം മാത്രമായിരുന്നു വ്യാജമല്ലാത്തതെന്നും കോണ്‍സുലേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജോലിക്കാര്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായ ഇ മൈഗ്രേറ്റിന് കീഴില്‍ എമിഗ്രേഷന്‍ ക്‌ളയറന്‍സുമായി വരുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

തൊഴിലന്വേഷകരായ ഇന്ത്യാക്കാര്‍ക്ക് സംശയം തോന്നാത്ത തരത്തിലുള്ള യുഎഇയിലെ അറിയപ്പെടുന്ന ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേര് വരുന്ന വ്യാജ വെബ്‌സൈറ്റുകള്‍ ധാരാളമായി ഉള്ളത് തിരിച്ചറിയണം. ഇത്തരം വ്യാജ തൊഴില്‍ദാതാക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ വഴി വിസയും തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൃത്യവിവരങ്ങള്‍ ഉണ്ടാകുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.