1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2020

സ്വന്തം ലേഖകൻ: ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാനിയായിരുന്ന ഇതിഹാസ താരം പി.കെ ബാനര്‍ജി അന്തരിച്ചു. 83 വയസായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഇദ്ദേഹം. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടന്ന് അദ്ദേഹത്തെ ഫെബ്രുവരി മുതല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും നേരിട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12:40 തോടെയായിരുന്നു അന്ത്യം.

മൂന്ന് ഏഷ്യന്‍ ഗെയിംസിലും രണ്ട് ഒളിമ്പിക്‌സിലും ബാനര്‍ജി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ മികച്ച സ്‌ട്രൈക്കറായിരുന്നു അദ്ദേഹം. 13 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ബാനര്‍ജി 84 കളികളില്‍നിന്നും 65 ഗോളുകള്‍ ഇന്ത്യയ്ക്കുവേണ്ടി നേടി.

1958, 1962, 1966 എന്നീവര്‍ഷങ്ങളിലെ ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1960ലെ റോം ബാനര്‍ജി പന്തുരുട്ടി. റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. 1964ല്‍ ടോക്കിയോയില്‍ ഇന്ത്യ നാലാമതെത്തിയപ്പോളും ബാനര്‍ജി ടീമിലുണ്ടായിരുന്നു.

1967ല്‍ പരിക്കുകളെ തുടര്‍ന്ന് ബനര്‍ജി കളിക്കളമൊഴിയുകയായിരുന്നു. പിന്നീട് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ ക്ലബ്ബുകളില്‍ പരിശീലകനായെത്തി. 1970 മുതല്‍ 86 വരെ നാഷണല്‍ ടീമിന്റെ പരിശീലകനുമായിരുന്നു.

കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന ബാനര്‍ജി ഒരിക്കലും കൊല്‍ക്കത്തയിലെ പ്രധാന ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിരുന്നില്ല. ആര്യന്‍ ക്ലബ്ബിലും ഈസ്റ്റേണ്‍ റെയില്‍വേ ടീമിലുമായിരുന്നു ബാനര്‍ജി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.

അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇടംനേടിയ ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ബാനര്‍ജി. 1961ലായിരുന്നു ഇത്. കൂടാതെ, 1990ല്‍ പദ്മശ്രീ നല്‍കി രാജ്യം ബാനര്‍ജിയെ ആദരിച്ചിരുന്നു. 2004ല്‍ ഫിഫയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റും ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.