1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി പാറ്റ്‌സി വില്‍കിന്‍സണുമായി രാജീവ് മഹര്‍ഷിയും സംഘവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ ജയിലുകളുടെ നിലവാരം യൂറോപ്യന്‍ ജയിലുകളുടേത് പോലെ ഉയര്‍ന്നതായും ഇതിന്റെ പേരില്‍ മല്യയെ ഇന്ത്യയിലേക്ക് അയക്കുന്നത് തടയരുതെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ഉന്നയിച്ചത്. വിജയ് മല്യയെ വിട്ടുനല്‍കിയാല്‍ അദ്ദേഹത്തിന് ജയിലില്‍ നല്ല പരിചരണം ലഭിക്കുമെന്നും ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യ വ്യക്തമാക്കി.

9000 കോടി രൂപയുടെ ബാക്ക് വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വിജയ് മല്യയും ബ്രിട്ടീഷ് കോടതിയില്‍ ഈ വാദമുന്നയിച്ചാണ് ഇന്ത്യയിലേക്ക് നാടുകടത്തുന്നത് ഒഴിവാക്കാന്‍ ശ്രമം നടത്തുന്നത്. മല്യയെ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിന് നാടുകടത്താനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ പ്രത്യേകസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ സ്‌കോട്ട്‌ലാന്റ് യാഡ് പൊലീസ് സംഘം മല്യയെ അറസ്റ്റുചെയ്‌തെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അന്നുതന്നെ മല്യക്ക് ജാമ്യം നല്‍കിയിരുന്നു. ഡിസംബര്‍ വരെയാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശങ്ങളില്‍ പിടിയിലാകുന്നവരോ കീഴടങ്ങുന്നവരോ ഇന്ത്യയിലേക്ക് തങ്ങളെ വിചാരണയ്ക്ക് അയക്കുന്നത് ഒഴിവാക്കാന്‍ പലപ്പോഴും പറയുന്ന ന്യായീകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ ജയിലുകളിലെ ശോചനീയ അവസ്ഥ. ഇന്ത്യക്കാരും വിദേശീയരുമായ പല പ്രതികളും ഇങ്ങനെ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥയും വിചാരണ നടപടികള്‍ അനന്തമായി നീളുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നത് ഒഴിവാക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.