1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2019

സ്വന്തം ലേഖകന്‍: വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ കടലിടുക്കില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായതിന് പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയെയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പറേഷന്‍ സങ്കല്‍പ്പ് എന്നപേരിലാണ് ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നാവികസേനയുടെ നീക്കം. യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഗുരുഗ്രാമിലുള്ള കേന്ദ്രത്തില്‍ ഒമാന്‍ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നാവികസേന നിരീക്ഷിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അവര്‍ നിഷേധിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതീവ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നല്‍കിയിരുന്നു. ജൂണ്‍ 13നും 16നുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെയും എണ്ണക്കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും സേനാ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.