1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിങ്കളാഴ്ച സിക്കിമിനു സമീപം ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ ‘ദുനിയ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റേതെന്ന പേരില്‍ ചില ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ചിത്രങ്ങളും വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണും, മോര്‍ട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ കാണിച്ചുവെന്നും പാക്ക് മാധ്യമം അവകാശപ്പെട്ടു. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 30 ദിവസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് പ്രശ്‌നം.

ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ എതിര്‍ത്തു. അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. ദോക് ലാ ഭാഗത്ത് ഇന്ത്യയും ചൈനയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു.ഇരു സൈന്യവും മുഖാമുഖം നില്‍ക്കുന്നതിനിടെയാണ് പാക്ക് മാധ്യമം വ്യാജ വാര്‍ത്തയുമായി എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.