1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2016

സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മകള്‍ക്ക് 103 മത്തെ വയസില്‍ അര്‍ഹമായ പെന്‍ഷന്‍. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത് ഇറ്റലിയില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ സിറി കുമാരി ഗുറാങ്ങിനാണ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സായുധസേനാ ട്രൈബ്യൂണലില്‍ (എ.എഫ്.ടി) നിന്ന് അനുകൂല വിധി ലഭിച്ചത്.

ഗുറാങ്ങിന്റെ 2007 ല്‍ നിര്‍ത്തലാക്കിയ പ്രത്യേക കുടുംബ പെന്‍ഷന്‍ പുനഃസ്ഥാപിച്ചാണ് വിധി. ഒരേ സമയം രണ്ടു പെന്‍ഷന്‍ കൈപ്പറ്റി എന്ന് ആരോപിച്ചാണ് 2007 ല്‍ ഇവരുടെ പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള കുടുംബ പെന്‍ഷന്‍ നിര്‍ത്തുകയും അഞ്ചു ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

1916 മാര്‍ച്ച് എട്ടിന് പിതാവു മരിക്കുമ്പോള്‍ അഞ്ചു വയസ്സുണ്ടായിരുന്ന ഗുറാങ്ങിന് 1916 മാര്‍ച്ച് ഒമ്പതു മുതല്‍ ‘മുഴുവന്‍ ജീവിതകാല’ത്തേക്കാണ് കുടുംബ പെന്‍ഷന്‍ അനുവദിച്ചത്. പിന്നീട് വിവാഹിതയായ ഇവരുടെ ഭര്‍ത്താവും സൈനികനായിരുന്നു. ഇദ്ദേഹം 1964 സെപ്റ്റംബര്‍ 17ന് മരിച്ചതിനെ തുടര്‍ന്ന് സാധാരണ കുടുംബ പെന്‍ഷനും ലഭിച്ചു.

ഒരേ സമയം രണ്ട് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നത് 2007 ല്‍ പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പ്രിന്‍സിപ്പല്‍ കണ്‍ട്രോളറുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ 1916 മുതല്‍ സ്വീകരിക്കുന്ന പെന്‍ഷന്‍ നിയമവിരുദ്ധമായാണ് സ്വീകരിച്ചതെന്നും നിര്‍ത്തലാക്കുകയാണെന്നും കാട്ടി കത്തു നല്‍കുകയായിരുന്നു. 1.17 ലക്ഷം തിരിച്ചുപിടിക്കുകയും ചെയ്തു.

ഇവരുടെ പരാതിയില്‍ എ.എഫ്.ടിയുടെ ലഖ്‌നോ ബെഞ്ചാണ് നടപടി അസാധുവാക്കിയത്. ചെലവിനത്തില്‍ പരാതിക്കാരിക്ക് ലക്ഷം രൂപ സര്‍ക്കാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നല്‍കണം. തിരിച്ചുപിടിച്ച 1.17 ലക്ഷം 10 ശതമാനം പലിശ സഹിതം നാലുമാസത്തിനകം തിരിച്ചുനല്‍കാനും അരിയര്‍ നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.